പാക് ആക്രമണം: എട്ടു വയസുകാരന്‍ കൊല്ലപ്പെട്ടു


ഇന്ത്യ–പാക് അതിര്‍ത്തിയില്‍ വെടിവെയ്‌പ്പും ഷെല്ലാക്രമണവും തുടരുന്നു. ആക്രമണത്തില്‍ ഇരുഭാഗത്തുമായി ഒരു വയസുള്ള കുഞ്ഞും എട്ടുവയസുകാരനും ഉള്‍പ്പെടെ മൂന്നുപേര്‍ കൊല്ലപ്പെട്ടു.


കനാചക് മേഖലയില്‍ പാകിസ്ഥാന്‍ നടത്തിയ ഷെല്ലാക്രമണത്തിലാണ് എട്ടുവയസുള്ള കുട്ടി കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ നാലുപേര്‍ക്ക് പരിക്കേറ്റതായും പൊലീസ് അറിയിച്ചു. ഞായറാഴ്ച രാത്രിമുതല്‍ ശക്തമായ ആക്രമണമാണ് അതിര്‍ത്തിയില്‍ നടക്കുന്നത്. ഇന്ത്യന്‍ സൈന്യത്തിന്റെ പ്രത്യാക്രമണത്തില്‍ ഒരു വയസുള്ള കുഞ്ഞുള്‍പ്പെടെ രണ്ടുപേര്‍ കൊല്ലപ്പെട്ടതായി പാക് സൈന്യം തിങ്കളാഴ്ച രാവിലെ അറിയിച്ചു.


ഞായറാഴ്ച രാത്രി ആര്‍എസ് പുര സെക്ടറില്‍ പാക്കിസ്ഥാന്‍ നടത്തിയ ആക്രമണത്തില്‍ ഒരു ബിഎസ്എഫ് ജവാന്‍ കൊല്ലപ്പെട്ടു. ബിഎസ്എഫ് കോണ്‍സ്റ്റിബിള്‍ സുശീല്‍ കുമാറാണ് മരിച്ചത്. രാത്രി തുടങ്ങിയ ആക്രമണം പുലര്‍ച്ചെവരെ നീണ്ടുനിന്നു. ആര്‍എസ് പുര സെക്ടറിലെ കൊരോട്ടാന ഖുര്‍ദ്, ബുദ്ധിപുര്‍ ഗാട്ടന്‍ ഗ്രാമങ്ങളില്‍ 60 എംഎം, 81 എംഎം ഷെല്ലുകളാണ് പതിച്ചത്. ജമ്മു കശ്മീരിലെ ജമ്മു, കത്വ, സാംബ, പൂഞ്ച്, രജൌറി ജില്ലകളിലെ ആറു മേഖലകളിലാണ് പാക് സൈന്യം തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നത്. വെള്ളിയാഴ്ച ഇന്ത്യന്‍ സൈന്യം നടത്തിയ തിരിച്ചടിയില്‍ ഏഴു പാകിസ്ഥാന്‍ സൈനികരും ഒരു ഭീകരനും കൊല്ലപ്പെട്ടിരുന്നു. ഇതിനു ശേഷവും പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് വെടിവെയ്പ്പ് നടത്തിയിരുന്നു.



Sharing is Caring