പാക്കിസ്ഥാന്‍ ഒറ്റപ്പെടുമെന്ന് മുന്നറിയിപ്പ് നല്‍കി നവാസ് ഷെരീഫ്

പാക്കിസ്ഥാനില്‍ പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനകള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചില്ലെങ്കില്‍ രാജ്യാന്തര തലത്തില്‍ ഒറ്റപ്പെടുമെന്ന് മുന്നറിയിപ്പ് നല്‍കി പ്രധാനമന്ത്രി നവാസ് ഷെരീഫ് .

കഴിഞ്ഞ ദിവസം ചേര്‍ന്ന സര്‍വകക്ഷിയോഗത്തിലാണ് പ്രധാനമന്ത്രി നവാസ് ഷെരീഫ് സൈന്യത്തിന് മുന്നറിയിപ്പ് നല്‍കിയത്. കൂടാതെ യോഗത്തില്‍ അടിയന്തരമായി സ്വീകരിക്കേണ്ട നടപടികളെകുറിച്ച് ചര്‍ച്ച നടന്നതായി പാക് ദിനപത്രം ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു.

പത്താന്‍കോട്ട്, മുംബൈ ഭീകരാക്രമണങ്ങള്‍ സംബന്ധിച്ച കേസുകളിലും അന്വേഷണത്തിലും നടപടികള്‍ വേഗത്തിലാക്കണം. സര്‍ക്കാര്‍ കൈക്കൊള്ളുന്ന നടപടികള്‍ വൈകിയാല്‍ രാജ്യാന്തര തലത്തില്‍ രാജ്യം ഒറ്റപ്പെടുമെന്ന് അദ്ദേഹം വ്യക്തമാക്കി.

പത്താന്‍കോട്ട് സൈനിക കേന്ദ്രത്തിന് നേരെ നടന്ന ഭീകരാക്രമണം സംബന്ധിച്ച അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ ഷെരീഫ് നിര്‍ദേശം നല്‍കണമെന്നതാണ് യോഗത്തിന്റെ ഒന്നാമത്തെ തീരുമാനം. ഇതോടൊപ്പം റാവല്‍പിണ്ടി ഭീകരവിരുദ്ധ കോടതി പരിഗണിക്കുന്ന മുംബൈ ഭീകരാക്രമണം കേസിന്റെ വിചാരണ പുനരാരംഭിക്കാന്‍ നടപടിയും സ്വീകരിക്കണം.

ഐ.എസ്.ഐ മേധാവിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവും പ്രവിശ്യകള്‍ സന്ദര്‍ശിച്ച് പ്രവിശ്യാ ഭരണകൂടങ്ങളുമായും ഐ.എസ്.ഐ മേഖലാ കമാന്‍ഡര്‍മാരുമായും കൂടിക്കാഴ്ച നടത്തി സ്ഥിതിഗതികള്‍ ധരിപ്പിക്കണം എന്നതാണ് മറ്റൊരു തീരുമാനം. നിരോധിത തീവ്രവാദി ഗ്രൂപ്പുകള്‍ക്കെതിരായ സര്‍ക്കാര്‍ നടപടികളില്‍ സൈന്യവും രഹസ്യാന്വേഷണ ഏജന്‍സികളും ഇടപെടരുതെന്ന സന്ദേശം കൈമാറണമെന്ന് തീരുമാനിച്ചിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *