കശ്മീര്‍ പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 28 ആയി ഉയര്‍ന്നു. 27 പുരുഷന്മാരും ഒരു സ്ത്രീയുമാണ് മരിച്ചത്. ആക്രമണത്തില്‍ പരുക്കേറ്റ 13 പേര്‍ ചികിത്സയിലാണ് . ഇതില്‍ അഞ്ച് പേരുടെ നില ഗുരുതരമാണെന്നാണ് അറിയുന്നത്. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ ശ്രീനഗറിലെത്തിക്കും .പോസ്റ്റ്‌മോര്‍ട്ടം ശ്രീനഗറില്‍ നടക്കും
കൊല്ലപ്പെട്ടവരില്‍ ഒരു മലയാളിയും ഉള്‍പ്പെടും. കൊച്ചി ഇടപ്പള്ളി സ്വദേശി എന്‍ രാമചന്ദ്രനാണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 2:30 ഓടെയാണ് സംഭവം. സൈനിക വേഷം ധരിച്ചെത്തിയ ഒരു സംഘം ഭീകരര്‍ പഹല്‍ഗാമിലെ ബൈസാരന്‍ പുല്‍മേടുകളില്‍ വിനോദസഞ്ചാരികള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. കൊച്ചിയില്‍ ജോലി ചെയ്യുന്ന ഹരിയാന സ്വദേശിയ നാവിക സേനാ ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടിട്ടുണ്ട് . വിനയ് നര്‍വാളാണ് (26) കൊല്ലപ്പെട്ടത്. 6 ദിവസം മുന്‍പാണ് വിനയ് നര്‍വാളിന്റെ വിവാഹം നടന്നത്. ഭാര്യയും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.മരിച്ച മറ്റൊരാളെയും തിരിച്ചറിഞ്ഞിട്ടുണ്ട്. കര്‍ണാടകയിലെ ശിവമോഗ സ്വദേശിയായ മഞ്ജുനാഥിനെയാണ് തിരിച്ചറിഞ്ഞത്.

ആക്രമണ സ്ഥലത്തുനിന്നുള്ള ദൃശ്യങ്ങളില്‍ മൃതദേഹം ചിതറിക്കിടക്കുന്നത് കാണാം. നാട്ടുകാര്‍ സഹായത്തിനെത്തിയപ്പോള്‍ പരിഭ്രാന്തരായി കരയുന്ന സ്ത്രീകളും ഉണ്ടായിരുന്നു. അടുത്ത ദൂരത്തുനിന്ന് അജ്ഞാതരായ തോക്കുധാരികള്‍ വിനോദസഞ്ചാരികള്‍ക്ക് നേരെ വെടിയുതിര്‍ത്തതാണ് നിരവധി പേര്‍ക്ക് പരിക്കേല്‍ക്കാന്‍ കാരണമെന്ന് ദൃക്‌സാക്ഷി പിടിഐ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
പഹല്‍ഗാം ഹില്‍ സ്റ്റേഷനില്‍ നിന്ന് ഏകദേശം 5 കിലോമീറ്റര്‍ അകലെയാണ് ബൈസാരന്‍ പുല്‍മേട് സ്ഥിതി ചെയ്യുന്നത്. ഇവിടെ കാല്‍നടയായോ കുതിരപ്പുറത്തോ മാത്രമേ എത്തിച്ചേരാന്‍ സാധിക്കൂ. ആക്രമണത്തിന് പിന്നാലെ സുരക്ഷാ സേന പ്രദേശം വളഞ്ഞു. പാകിസ്ഥാനില്‍ പ്രവര്‍ത്തിക്കുന്ന ലഷ്‌കര്‍-ഇ-തൊയ്ബയുടെ പ്രാദേശിക സംഘടനയായ ദി റെസിസ്റ്റന്‍സ് ഫ്രണ്ട് (ടിആര്‍എഫ്) ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു.ഭീകരാക്രമണത്തെ തുടര്‍ന്ന് അമിത് ഷാ ഉന്നതതല യോഗം വിളിച്ചുചേര്‍ത്തു.













