പശ്ചിമ ബംഗാള്‍: ഏഴാം ഘട്ട തെരഞ്ഞെടുപ്പ് ആരംഭിച്ചു

ഏഴാം ഘട്ട പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പ് ആരംഭിച്ചു. ദക്ഷിണ്‍ ദിനാജ്പൂര്‍, മുര്‍ഷിദാബാദ്, മാല്‍ദ, പശ്ചിം ബര്‍ധമാന്‍, കൊല്‍ക്കത്ത എന്നീ ജില്ലകളിലായി 34 നിയമസഭാ മണ്ഡലങ്ങളിലേക്കാണ്. മുന്‍ ഘട്ടങ്ങളില്‍ ഉണ്ടായ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷാ സംവിധാനങ്ങള്‍ക്ക് നടുവിലാണ് വോട്ടെടുപ്പ്.
വമ്പന്‍മാര്‍ പലരും ജനവിധി തേടുന്ന തിരഞ്ഞെടുപ്പാണ് ഏഴാംഘട്ടത്തിലേത്. മത്സരരംഗത്ത് അര നൂറ്റാണ്ട് തികയ്ക്കുന്ന മന്ത്രിയും മുന്‍ കൊല്‍ക്കത്ത മേയറുമായ സുബ്രതാ മുഖര്‍ജിയാണ് ഇവരില്‍ മുമ്പന്‍. ബാലിഗഞ്ചാണ് അദ്ദേഹത്തിന്റെ മണ്ഡലം. അടുത്തിടെ കൊല്‍ക്കത്ത മേയര്‍ സ്ഥാനം ഒഴിഞ്ഞ നഗരവികസന മന്ത്രി ഫിര്‍ഹാദ് ഹക്കീം കൊല്‍ക്കത്ത ബന്ദര്‍ മണ്ഡലത്തിലും മന്ത്രി ശോഭന്‍ദേബ് ചതോപാധ്യായ ഭവാനിപുരിലും മന്ത്രി മാളോയ് ഘട്ടക് അസന്‍സോള്‍ ഉത്തറിലും മത്സരിക്കുന്നുണ്ട്. നടി സായോനി ഘോഷുമുണ്ട് തൃണമൂല്‍ പ്രമുഖരില്‍.
ബി.ജെ.പിക്കുവേണ്ടി പ്രമുഖ സാമ്പത്തിക വിദഗ്ധനായ അശോക് ലാഹിരി ബാലൂര്‍ഘട്ടിലും പ്രമുഖ നടന്‍ രുദ്ര നീല്‍ ഘോഷ് ഭവാനിപ്പൂരിലും മത്സരിക്കുന്നു. മഹിളാ മോര്‍ച്ച സംസ്ഥാന അധ്യക്ഷ അഗ്നിമിത്ര പാല്‍, തൃണമൂലില്‍നിന്ന് കൂറുമാറിയ മുന്‍ അസന്‍സോള്‍ മേയര്‍ ജിതേന്ദ്ര തിവാരി എന്നിവരും മത്സരരംഗത്തുണ്ട്.
വിദ്യാര്‍ഥി സംഘടനാ രംഗത്ത് ശ്രദ്ധേയയായ ഐഷി ഘോഷ്, ഡോ. ഫുവാദ് ഹാലിം എന്നിവരാണ് ഏഴാം ഘട്ടത്തിലെ പ്രധാന സംയുക്തമുന്നണി സ്ഥാനാര്‍ഥികള്‍. ഇടതുപക്ഷം സ്ഥിരമായി ജയിക്കാറുള്ള ജാമുരിയയിലാണ് ഐഷി മത്സരിക്കുന്നത്. ഡോ. ഫുവാദ് ബാലിഗഞ്ചിലും.
ഇതിനിടെ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിലെ ഒരു സ്ഥാനാര്‍ഥികൂടി കോവിഡ് ബാധിച്ചു മരിച്ചു. 24 പര്‍ഗാനാസ് – വടക്ക് ജില്ലയിലുള്ള ഖര്‍ദ മണ്ഡലത്തിലെ തൃണമൂല്‍ സ്ഥാനാര്‍ഥി കാജല്‍ സിന്‍ഹ ആണ് മരണമടഞ്ഞത്. ഇതോടെ ബംഗാളില്‍ കോവിഡ് ബാധിച്ചുമരിച്ച സ്ഥാനാര്‍ഥികളുടെ എണ്ണം മൂന്നായി.
കഴിഞ്ഞ ബുധനാഴ്ചയാണ് സിന്‍ഹയ്ക്ക് കോവിഡ് സ്ഥിരീകരിച്ചത്. അന്ന് മുതല്‍ ആശുപത്രിയിലായിരുന്നു. വ്യാഴാഴ്ചയായിരുന്നു ഖര്‍ദയില്‍ വോട്ടെടുപ്പ്. മുര്‍ഷിദാബാദിലെ സാമശേര്‍ഗഞ്ച്, ജംഗിപ്പൂര്‍ എന്നിവിടങ്ങളിലെ സംയുക്തമുന്നണി സ്ഥാനാര്‍ഥിമാരാണ് നേരത്തേ കോവിഡ് ബാധിച്ചു മരിച്ചത്. ഈ മണ്ഡലങ്ങളിലേക്ക് മേയ് 16-ന് ഉപതിരഞ്ഞെടുപ്പ് നടക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *