പലസ്തീൻ രാഷ്ട്രം ഉണ്ടാകില്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു


പലസ്തീൻ രാഷ്ട്രം ഉണ്ടാകില്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. അധിനിവേശ വെസ്റ്റ് ബാങ്കിനെ വിഭജിക്കുന്ന കുടിയേറ്റ പദ്ധതിയുമായി മുന്നോട്ട് പോകുന്നതിനുള്ള കരാറിൻ്റെ ഒപ്പുവെക്കൽ ചടങ്ങിൽ സംസാരിക്കവെയായിരുന്നു നെതന്യാഹുവിൻ്റെ പ്രഖ്യാപനം. ‘പലസ്തീൻ രാഷ്ട്രം ഉണ്ടാകില്ല എന്ന വാഗ്ദാനം ഞങ്ങൾ നിറവേറ്റാൻ പോകുന്നു, ഈ സ്ഥലം ഞങ്ങളുടേതാണ്’ എന്നായിരുന്നു ജറുസലേമിൻ്റെ കിഴക്കുള്ള ഇസ്രായേലി കുടിയേറ്റ കേന്ദ്രമായ മാലെ അദുമിമിൽ നടന്ന പരിപാടിയിൽ നെതന്യാഹു വ്യക്തമാക്കിയത്.


‘നമ്മുടെ പൈതൃകം, നമ്മുടെ ഭൂമി, സുരക്ഷ എന്നിവ ഞങ്ങൾ സംരക്ഷിക്കും. നഗരത്തിലെ ജനസംഖ്യ ഇരട്ടിയാക്കും’ എന്നും നെതന്യാഹു വ്യക്തമാക്കി.E1 എന്നറിയപ്പെടുന്ന ഏകദേശം 12 ചതുരശ്ര കിലോമീറ്റർ (അഞ്ച് ചതുരശ്ര മൈൽ) ഭൂമിയിൽ നിർമ്മാണം നടത്താനുള്ള നീക്കം ഇസ്രയേൽ വളരെക്കാലമായി നടത്തുകയായിരുന്നു. എന്നാൽ അന്താരാഷ്ട്ര എതിർപ്പിനെത്തുടർന്ന് ഈ പദ്ധതി വർഷങ്ങളായി വൈകുകയായിരുന്നു.


പലസ്തീൻ പ്രദേശത്തിന്റെ വടക്കും തെക്കും ഭാഗങ്ങളെ ബന്ധിപ്പിക്കുന്ന റൂട്ടുകൾക്ക് സമീപമാണ് ജറുസലേമിനും ഇസ്രായേലി കുടിയേറ്റ കേന്ദ്രമായ മാലെ അദുമിമിനും ഇടയിലുള്ള ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. പുതിയ പദ്ധതി പ്രാവർത്തികമാകുന്നതോടെ ഇസ്രയേൽ കൈവശപ്പെടുത്തിയിരിക്കുന്ന കിഴക്കൻ ജറുസലേമിലേയ്ക്ക് പലസ്തീൻ ജനതയ്ക്ക് എത്തപ്പെടാനുള്ള സാധ്യതകൾ പരിമിതപ്പെടുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.



Sharing is Caring