പരാഗ്വെ, മാലി നോക്കൗട്ടില്‍

തകര്‍പ്പന്‍ വിജയങ്ങളുമായി ഗ്രൂപ്പ് ബിയില്‍ നിന്ന് ചാമ്പ്യന്മാരായി പരാഗ്വെയും രണ്ടാം സ്ഥാനക്കാരായി മാലിയും അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ പ്രീ ക്വാര്‍ട്ടറില്‍. പരാജയത്തോടെ ന്യൂസിലാന്‍ഡും തുര്‍ക്കിയും പ്രീ ക്വാര്‍ട്ടര്‍ കാണാതെ മടങ്ങി.

മുംബൈയിലെ ഡി.വൈ. പാട്ടീല്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ പരാഗ്വെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തുര്‍ക്കിയെ തകര്‍ത്തപ്പോള്‍ ന്യൂദല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റുസ്‌റ്റേഡിയത്തില്‍ മാലി ഇതേ മാര്‍ജിനില്‍ ന്യൂസിലാന്‍ഡിനെ കീഴടക്കി. ഗ്രൂപ്പില്‍ മൂന്ന് കളികളും വിജയിച്ച പരാഗ്വെക്ക് 9 പോയിന്റും രണ്ട് ജയവും ഒരു തോല്‍വിയും നേരിട്ട മാലിക്ക് 6 പോയിന്റും ലഭിച്ചു.

പരാഗ്വെക്കെതിരായ കളിയില്‍ പന്ത് നിയന്ത്രിച്ചുനിര്‍ത്തുന്നതിലും ഷോട്ടുകള്‍ പായിക്കുന്നതിലും യൂറോപ്യന്‍ കരുത്തരായ തുര്‍ക്കിക്കായിരുന്നു മുന്‍തൂക്കം. കളിയുടെ 60 ശതമാനവും പന്ത് നിയന്ത്രിച്ചുനിര്‍ത്തിയ അവര്‍ ആകെ പായിച്ചത് 22 ഷോട്ടുകള്‍. ഇതില്‍ ആറെണ്ണം ലക്ഷ്യത്തിലേക്കായിരുന്നെങ്കിലും ഒന്ന് മാത്രമേ പരാഗെ്വ ഗോളിയെ പരാജയപ്പെടുത്തിയൊള്ളൂ . അതേസമയം പരാഗ്വെ ആകെ ഉതിര്‍ത്തത് 13 ഷോട്ടകള്‍ മാത്രമാണ്. അതില്‍ ലക്ഷ്യത്തിലേക്ക് നീങ്ങിയ 7-ല്‍ മൂന്നെണ്ണം തുര്‍ക്കി ഗോളിയെ പരാജയപ്പെടുത്തി വലയിലെത്തി.

രണ്ടാം മിനിറ്റില്‍ തന്നെ പരാഗ്വെക്ക് അനുകൂലമായി പെനാല്‍റ്റി ലഭിച്ചെങ്കിലും മുതലാക്കാന്‍ കഴിഞ്ഞില്ല. അനില്‍ബല്‍ വേഗയുടെ കിക്ക് തുര്‍ക്കി ഗോളി രക്ഷപ്പെടുത്തി. 10-ാം മിനിറ്റില്‍ തുര്‍ക്കിയുടെ മാലിക് കറാഹ്മത്തിന്റെ ഹെഡ്ഡറിലൂടെയുള്ള ഗോള്‍ ശ്രമം വിഫലമായി. തുടര്‍ന്നും ഇരുടീമുകളും നല്ല ചില മുന്നേറ്റങ്ങള്‍ നടത്തി. ഒടുവില്‍ 41-ാം മിനിറ്റില്‍ പരാഗ്വെ ആദ്യം ലക്ഷ്യം കണ്ടു. ബോക്‌സിന് പുറത്തുനിന്ന് ലഭിച്ച ഫ്രീകിക്ക് ജിയോവാനി ബൊഗാഡോ വലയിലെത്തിച്ചു. രണ്ട് മിനിറ്റിനുശേഷം പരാഗ്വെ ലീഡ് ഉയര്‍ത്തി. ഫെര്‍ണാണ്ടോ കാര്‍ഡോസയാണ് ലക്ഷ്യം കണ്ടത്. ആദ്യ പകുതിയില്‍ പരാഗ്വെ 2-0ന് മുന്നില്‍.

രണ്ടാം പകുതിയില്‍ ഗോള്‍ മടക്കാനായി തുര്‍ക്കി തുടര്‍ച്ചയായി സമ്മര്‍ദ്ദം ചെലുത്തി. എന്നാല്‍ കളിയുടെ ഗതിക്കെതിരായി 61-ാം മിനിറ്റില്‍ പരാഗ്വെ ലീഡ് വീണ്ടും ഉയര്‍ത്തി. അന്റോണിയോ ഗലിയാനോയാണ് ഇത്തവണ ലക്ഷ്യം കണ്ടത്. ഇതോടെ വിജയം പരാഗ്വെ ഉറപ്പിച്ചു. 83-ാം മിനിറ്റില്‍ പാരഗ്വയുടെ ജൂലിയോ ബെയിസ് എടുത്ത ഫ്രികിക്ക് തുര്‍ക്കി ഗോളി ഉജ്ജ്വലമായി രക്ഷപ്പെടുത്തി. കളി പരിക്കു സമയത്തേക്ക് കടന്നപ്പോഴാണ് തുര്‍ക്കിയുടെ ആശ്വാസ ഗോള്‍. കരേം കെസിനാണ് ഗോളിനുടമ.

ന്യൂസിലാന്‍ഡിനെതിരെ ആഫ്രിക്കന്‍ കരുത്തരായ മാലിയുടെ സമ്പൂര്‍ണ്ണ ആധിപത്യമായിരുന്നു. പന്തടക്കത്തിലും ഷോട്ടുകള്‍ പായിക്കുന്നതിലും ഏറെ മുനിട്ടുനിന്ന മാലി എതിരാൡകള്‍ക്ക് യാതൊരു അവസരവും നല്‍കാതെയാണ് ജയിച്ച് അവസാന 16-ല്‍ ഒന്നായത്. ബാറിന് കീഴില്‍ ന്യൂസിലാന്‍ഡ് ഗോളിയുടെ ഉജ്ജ്വല പ്രകടനമാണ് പരാജയം മൂന്ന് ഗോളിലൊതുങ്ങാന്‍ കാരണം. 18-ാം മിനിറ്റില്‍ സലാം ജിദ്ദോയാണ് മാലിയുടെ ആദ്യ ഗോള്‍ നേടിയത്. ആദ്യ പകുതിയില്‍ മാലി 1-0 ന് മുന്നിട്ടുനിന്നു.

50-ാം മിനിറ്റില്‍ ജെമൗസ ട്രാവോര്‍ ലീഡ് ഉയര്‍ത്തി. 72-ാം മിനിറ്റില്‍ ചാള്‍സ് സ്പ്രഗ്ഗിലൂടെ ന്യൂസിലാന്‍ഡ് ഒരു ഗോള്‍ മടക്കി. എന്നാല്‍ 82-ാം മിനിറ്റില്‍ ലസ്സാനെ എന്‍ഡിയെയും ലക്ഷ്യം കണ്ടതോടെ മാലിയുടെ ഗോള്‍ പട്ടിക പൂര്‍ത്തിയായി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *