പരസ്യ ബോർഡ് വീണ് തകർന്ന ക്ലാസ്‍മുറി പുനര്‍നിര്‍മ്മിച്ചില്ല; സമരവുമായി സ്കൂൾ വിദ്യാർത്ഥികൾ

കോഴിക്കോട്: പ്രളയകാലത്ത് ഹോട്ടലിന്റെ ബോർഡ് വീണ് തകർന്ന ക്ലാസ് മുറി പുനർനിർമിക്കാത്തതിൽ പ്രതിഷേധിച്ച് സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ സമരം. കോഴിക്കോട്ടെ സ്വകാര്യ ഹോട്ടലിന് മുന്നിലാണ് ചാലപ്പുറം ഗണപത് ബോയ്സ് സ്കൂളിലെ കുട്ടികൾ സമരം നടത്തുന്നത്.

ഓഗസ്റ്റ് എട്ടിനാണ് ഹോട്ടലിന്‍റെ ബോർ‍ഡ് കാറ്റത്തു മറിഞ്ഞുവീണ് ചാലപ്പുറം ഗണപത് ബോയ്സ് സ്കൂള്‍ കെട്ടിടം തകർന്നത്. സ്കൂള്‍ അവധിയായതുകൊണ്ട് മാത്രമാണ് അപകടം ഒഴിവായത്. ഹോട്ടലിന്‍റെ ഇരുമ്പ് ബീമുകളും അലുമിനിയം ഷീറ്റുകളും വീണ് കെട്ടിടം പൂര്‍ണമായി തകര്‍ന്നിരുന്നു. 60 ദിവസത്തിനകം കെട്ടിടം പുനർനിർമിച്ച് നൽകണമെന്ന് ഹോട്ടലിന് കോർപറേഷൻ നിർദേശം നൽകി. കരാറും തയ്യാറാക്കി. എന്നാൽ നിര്‍മ്മാണം മാത്രം നടന്നില്ല.

ക്ലാസ് മുറി പുനർനിർമിക്കാമെന്ന് ഹോട്ടൽ അധികൃതർ രേഖാമൂലം അറിയിച്ചിരുന്നതിനാൽ മറ്റ് സർക്കാർ സഹായങ്ങളും സ്കൂളിന് ലഭിച്ചില്ല. നിലവിൽ ലൈബ്രറി കെട്ടിടത്തിലാണ് ക്ലാസ് മുറികളും പ്രവർത്തിക്കുന്നത്.
എന്നാൽ കോ‍ർപറേഷൻ നിര്‍ദ്ദേശിക്കുന്ന രീതിയില്‍ കെട്ടിടം നിര്‍മ്മിക്കാന്‍ 23 ലക്ഷം രൂപ വേണ്ടിവരുമെന്ന് ഹോട്ടല്‍ ഉടമകള്‍ പറയുന്നു. ഇത്രയും തുക ചെലവിടാനാകില്ല. കെട്ടിടം പഴയ നിലയില്‍ നിര്‍മ്മിക്കാന്‍ സന്നദ്ധമാണെന്നും ഹോട്ടല്‍ ഉടമകള്‍ വ്യക്തമാക്കി.

അതേസമയം, കെട്ടിടം ഉടന്‍ പുനനര്‍നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് ഹോട്ടലിനു മുന്നില്‍ പ്രതിഷേധം ശക്തമാക്കാനാണ് അധ്യാപകരുടെയും കുട്ടികളുടെയും തീരുമാനം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *