13-ാം പഞ്ചവല്‍സര പദ്ധതി സകംസ്ഥാനത്തിന്റെ വികസനപാതയില്‍ പുതിയ നാഴികകല്ലാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.പതിമൂന്നാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി നവകേരളത്തിന് ജനകീയ ആസൂത്രണം എന്ന കര്‍മ്മ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
വികസന പദ്ധതി നിര്‍വ്വഹണത്തില്‍ പ്രാദേശിക സര്‍ക്കാരുകള്‍ സമയനിഷ്ട പാലിക്കണം.അവസാന മാസങ്ങളില്‍ തിരക്കിട്ട് തുക ചെലവഴിച്ച് തീര്‍ക്കുന്ന പ്രവണത അവസാനിപ്പിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
പ്രാദേശിക സര്‍ക്കാരുകള്‍ അവസാന മാസങ്ങളില്‍ പദ്ധതി തുക ചെലവഴിച്ച് തീര്‍ക്കാന്‍ ശ്രമിക്കുന്ന പ്രവണത അവസാനിപ്പിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഏപ്രില്‍ ഒന്നിന് പദ്ധതി നിര്‍വ്വഹണം തുടങ്ങാനാകും വിധം വളരെ നേരത്തെ തുടങ്ങണം. ജനപങ്കാളിത്തവും സമയ നിഷ്ഠയും ഒരുമിച്ച് കൈവരിക്കണം വളരെ തിരക്കിട്ട് തീര്‍ക്കേണ്ട ഒന്നാണ് പദ്ധതി നിര്‍വ്വഹണമെന്ന ധാരണ മാറ്റിയെടുക്കണം.

പ്രാദേശിക പദ്ധതി നിര്‍വ്വഹണത്തിലെ അഴിമതിക്കെതിരെ പ്രത്യേക ജാഗ്രത പാലിക്കണം. സംസ്ഥാനതല പദ്ധതികള്‍ക്കൊപ്പം പ്രാദേശിക പദ്ധതികള്‍ക്കും പ്രാധാന്യം നല്‍കും. പോരായ്മകള്‍ പരിഹരിച്ച് ജനകീയാസൂത്രണം മെച്ചപ്പെടുത്താനാണ് പതിമൂന്നാം പദ്ധതി കാലത്ത് ലക്ഷ്യമിടുന്നത്. കക്ഷിരാഷ്ട്രീയ തര്‍ക്കങ്ങള്‍ നാടിന്റെ വികസന വിഷയത്തില്‍ വിലങ്ങുതടി ആകരുതെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി.












