പട്ടേലിന്റെ ജന്മദിനാഘോഷത്തിനു മോദി; ഇന്ദിരാ അനുസ്മരണത്തിന് അവഗണന

രാജ്യത്തിന്റെ പ്രഥമ ആഭ്യന്തരമന്ത്രി സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേലിന്റെ ജന്മദിനം രാജ്യതലസ്ഥാന നഗരിയില്‍ കൂട്ടയോട്ടം സംഘടിപ്പിച്ച്‌ ആഘോഷിച്ച കേന്ദ്ര സര്‍ക്കാര്‍ മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം അവഗണിച്ചതായി കോണ്‍ഗ്രസ്. സമാധിസ്ഥലമായ ശക്തിസ്ഥല്‍ പക്ഷിപ്പനിയെ തുടര്‍ന്ന് അടച്ചിട്ടിരിക്കുന്നതിനാല്‍ രക്തസാക്ഷിത്വ ദിനം, ഇന്ദിര വെടിയേറ്റു വീണ സഫ്ദര്‍ജങ് റോഡിലെ വസതിയിലാണു പാര്‍ട്ടി ആചരിച്ചത്.
ആദ്യമായാണ് ഇന്ദിരാ അനുസ്മരണം ശക്തിസ്ഥലിനു പുറത്തു നടത്തിയത്. രാഷ്ട്രപതി പ്രണബ് മുഖര്‍ജി, ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി എന്നിവര്‍ ഇന്ദിരാ സ്മാരകത്തില്‍ പുഷ്പാര്‍ച്ചന നടത്തിയപ്പോള്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ ഒറ്റവരി അനുസ്മരണ സന്ദേശം ട്വിറ്ററില്‍ കുറിച്ചു.

രാജ്യത്തിനു വേണ്ടി ജീവന്‍ ബലികഴിച്ച ഇന്ദിരയോടു മോദി സര്‍ക്കാര്‍ മനപ്പൂര്‍വം അനാദരം കാട്ടിയതായി കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ കുറ്റപ്പെടുത്തി. രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ചു സംഘടിപ്പിച്ച പ്രാര്‍ഥനാ യോഗത്തില്‍ കേന്ദ്ര സര്‍ക്കാരിനെ പ്രതിനിധീകരിച്ച്‌ ഒരാള്‍പോലും പങ്കെടുത്തില്ലെന്നും ശര്‍മ പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *