പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് കേരളത്തിന് പത്തു കോടി രൂപ പ്രഖ്യാപിച്ചു


പ്രളയംമൂലം കെടുതിയനുഭവിക്കുന്ന കേരളത്തിന് പഞ്ചാബിന്റെ പത്തു കോടി രൂപയുടെ അടിയന്തരസഹായം. പഞ്ചാബ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് അഞ്ചു കോടി രൂപ കേരളാ മുഖ്യമന്ത്രി പിണറായി വിജയന്റെ ദുരിതാശ്വാസ നിധിയിലേക്കു കൈമാറിയതായും ബാക്കി അഞ്ചു കോടി രൂപ വരുന്ന അവശ്യ വസ്തുക്കള്‍ക്ക് ഉടന്‍ കൈമാറുമെന്നും പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങിന്റെ ഓഫിസ് അറിയിച്ചു.


ശനിയാഴ്ച പഞ്ചാബില്‍ നിന്ന് ഭക്ഷ്യധാന്യങ്ങള്‍ ഉള്‍പ്പെടെയുള്ള വസ്തുക്കളുമായി വ്യോമസേനാ വിമാനം കേരളത്തിലെത്തും. ബിസ്‌ക്കറ്റ്, റസ്‌ക്, വെള്ളം, പാല്‍പ്പൊടി ഉള്‍പെടെയുള്ള വസ്തുക്കളാവും വിമാനത്തിലുണ്ടാവുക. കേരള അധികൃതരുമായി നേരത്തെ പഞ്ചാബ് സര്‍ക്കാര്‍ പ്രതിനിധി സംസാരിച്ചിരുന്നു.


ഇതിനു ശേഷമാണ് സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ക്കനുസരിച്ചുള്ള ഭക്ഷ്യവസ്തുക്കള്‍ അയക്കുന്നത്. പഞ്ചാബ് ഐ.എ.എസ് അസോസിയേഷന്‍ പ്രതിനിധികളോട് ഒരു ദിവസത്തെ ശമ്പളത്തുക കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന ചെയ്യാന്‍ അമരീന്ദര്‍ സിങ് നിര്‍ദേശിക്കുകയും ചെയ്തു.



Sharing is Caring