പഞ്ചാബിന് പിന്നാലെ ഗുജറാത്തും, ഹിമാചലും ലക്ഷ്യമിട്ട് ആം ആദ്മി പാര്‍ട്ടി

പഞ്ചാബിലെ ചരിത്ര വിജയത്തിന് പിന്നലെ ഗുജറാത്തും ഹിമാചല്‍ പ്രദേശും ലക്ഷ്യമിട്ട് ആം ആദ്മി പാര്‍ട്ടി (എ.എ.പി). വിജയ സാധ്യത ഉള്ള സീറ്റുകളില്‍ മത്സരിക്കാനാണ് എ.എ.പി തീരുമാനിച്ചിരിക്കുന്നത്. ഗുജറാത്തില്‍ പാര്‍ട്ടി പ്രചാരണം ആരംഭിച്ചു കഴിഞ്ഞു. പഞ്ചാബ് വിജയയാത്ര ഗുജറാത്തില്‍ സംഘടിപ്പിക്കാനാണ് എ.എ.പി ഒരുങ്ങുന്നത്.

അടുത്ത വര്‍ഷമാണ് ഗുജറാത്തിലും, ഹിമാചലിലും നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്നത്. ‘ഡല്‍ഹിക്കും പഞ്ചാബിനും ശേഷം ഗുജറാത്തിന് ഇപ്പോള്‍ ‘എഎപി’ ആവശ്യമാണ്’ എന്നാണ് പാര്‍ട്ടി ട്വിറ്റര്‍ പേജില്‍ കുറിച്ചത്. എ.എ.പി അധ്യക്ഷന്‍ അരവിന്ദ് കെജ്രിവാളും പഞ്ചാബിലെ നിയുക്ത മുഖ്യമന്ത്രി ഭഗവന്ത് മന്നും ഉടന്‍ ഗുജറാത്ത് സന്ദര്‍ശിക്കും.മാര്‍ച്ച് 12 മുതല്‍ 15 വരെ ഗുജറാത്തില്‍ വിജയയാത്ര നടത്തും. ഗുജറാത്തിലെ എല്ലാ ജില്ലകളിലെയും എല്ലാ തഹസീലുകളിലും ഗ്രാമപഞ്ചായത്തുകളിലും യാത്ര നടത്തും. പാര്‍ട്ടിയുടെ പ്രചാരണം ശക്തിപ്പെടുത്താനുള്ള മുന്നൊരുക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. പഞ്ചാബില്‍ പ്രകടന പത്രികയിലെ വാഗ്ദാനങ്ങള്‍ വേഗത്തില്‍ നടപ്പിലാക്കാനും പാര്‍ട്ടി തീരുമാനിച്ചു. ഇത് വരുന്ന തിരഞ്ഞെടുപ്പുകളില്‍ ആയുധമാക്കും.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തട്ടകമായ ഗുജറാത്തില്‍ മത്സരം എളുപ്പമാകില്ലെങ്കിലും, കോണ്‍ഗ്രസിന്റെ വോട്ട് ബാങ്കുകള്‍ തകര്‍ക്കാനുള്ള മുന്നേറ്റങ്ങള്‍ ഉണ്ടാകും. സംസ്ഥാനത്ത് ഒരു സീറ്റ് എങ്കിലും നേടാന്‍ കഴിഞ്ഞാല്‍ അതും ആശ്വാസമാണെന്നാണ് എ.എ.പി പറയുന്നത്. ദേശീയ തലത്തിലേക്ക് മുന്നില്‍ വരുന്ന എ.എ.പി രാജ്യസഭയില്‍ തങ്ങളുടെ എണ്ണം മെച്ചപ്പെടുത്താനാണ് ലക്ഷ്യമിടുന്നത്. പഞ്ചാബില്‍ നിന്ന് രാജ്യസഭയിലേക്ക് നേതാക്കളെ അയക്കുന്നതിലാണ് പാര്‍ട്ടി ഇപ്പോള്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ ഏറ്റവും മികച്ച പ്രകടനമാണ് എ.എ.പി നടത്തിയത്. പഞ്ചാബ് കോണ്‍ഗ്രസില്‍ നിന്ന് എ.എ.പി പിടിച്ചെടുത്തു. ആകെയുള്ള 117 സീറ്റുകളില്‍ 92 ലും നേടിയാണ് വിജയം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *