ന്യൂറോസര്‍ജന് പകരം വന്നത് ഇറച്ചിവെട്ടുകാരന്‍: തച്ചങ്കരിയെ പരിഹസിച്ച് സെന്‍കുമാര്‍

പൊലിസ് ആസ്ഥാനത്ത് നിയമിതനായ എ.ഡി.ജി.പി ടോമിന്‍ തച്ചങ്കരിയെ പരിഹസിച്ച് സെന്‍കുമാര്‍. ഒരു തരത്തിലും കഴിവ് തെളിയിക്കാത്ത ഉദ്യോഗസ്ഥനാണ് തച്ചങ്കരി. ന്യൂറോസര്‍ജന് പകരം ഇറച്ചിവെട്ടുകാരനെ ഇരുത്തിയത് പോലെയാണ് നിയമനമെന്നും സെന്‍കുമാര്‍ പറഞ്ഞു. ഒരു ദൃശ്യമാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സെന്‍കുമാറിന്റെ പരിഹാസം.

പൊലിസ് ആസ്ഥാനത്ത് തച്ചങ്കരിയെ നിയമിച്ച് തന്നെ നിരീക്ഷിക്കാമെന്ന് സര്‍ക്കാരിനെ ഉപദേശിക്കുന്നവര്‍ കരുതിയിട്ടുണ്ടാവും. ജോലി അറിയുന്ന ആരെയെങ്കിലും ഇതിനായി ഇരുത്താമായിരുന്നു. 15 വര്‍ഷം മുന്‍പ് അന്നത്തെ മുഖ്യമന്ത്രിയുമായുള്ള സംഭാഷണത്തിനിടെ അദ്ദേഹത്തിന് ഫോണ്‍ വന്നു. തച്ചങ്കരിക്കു വേണ്ടി ആറാമത്തെ പുരോഹിതനാണ് വിളിക്കുന്നതെന്നാണ് അദ്ദേഹം പറഞ്ഞതെന്നും സെന്‍കുമാര്‍ പറഞ്ഞു. ജിഷ, പുറ്റിങ്ങല്‍ കേസുകളുമായി ബന്ധപ്പെട്ട ഫയലുകളില്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോ പന്ത്രണ്ട് പേജ് നിറയെ കുറ്റങ്ങള്‍ മാത്രം എഴുതിച്ചേര്‍ത്ത് ഫയലില്‍ മാറ്റങ്ങള്‍ വരുത്തി. മുന്‍ സര്‍ക്കാരിന്റെ കാലത്ത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും എഴുതിയ ഫയലുകള്‍ അപ്രത്യക്ഷമായി. ജിഷ കേസില്‍ കുറ്റപത്രം തള്ളിയെന്ന റിപ്പോര്‍ട്ട് നല്‍കിയത് നളിനി നെറ്റോയുടെ ആവശ്യപ്രകാരമാണെന്നും സെന്‍കുമാര്‍ പറഞ്ഞു.

തന്റെ കൂടി ശുപാര്‍ശയിലാണ് ജേക്കബ് തോമസിനെ കൊച്ചി കമ്മിഷണറടക്കം പല പദവികളിലും നിയമിച്ചിരുന്നത്. എന്നിട്ടും ജേക്കബ് തോമസ് തന്റെ ശത്രു പക്ഷത്തുനിന്ന് പോരാടി. ഇടത് സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ ഒരു മുന്നറിയിപ്പും തരാതെ പൊലിസ് മേധാവി സ്ഥാനത്തുനിന്ന് നീക്കം ചെയ്തത് കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്റെ ആവശ്യപ്രകാരമാണെന്നും സെന്‍കുമാര്‍ തുറന്നടിച്ചു. ടി.പി ചന്ദ്രശേഖരന്‍ വധക്കേസ് അന്വേഷണവുമായി ബന്ധപ്പെട്ട പകയാകാം ഇതിനു കാരണം.

കൊച്ചിയില്‍ പ്രമുഖനടി ആക്രമിക്കപ്പെട്ട കേസില്‍ കഴിഞ്ഞ ദിവസം നടത്തിയ പൊലിസ് ചോദ്യം ചെയ്യലിനെയും സെന്‍കുമാര്‍ വിമര്‍ശിച്ചു. കേസ് അന്വേഷിക്കുന്ന സംഘത്തലവന്‍ ഇല്ലാതെ നടന്‍ ദിലീപിനെ ചോദ്യം ചെയ്തത് ശരിയായ രീതിയല്ലെന്നും ഗിന്നസ് ബുക്കില്‍ കയറാന്‍ വേണ്ടിയാകരുത് ചോദ്യം ചെയ്യലെന്നും അദ്ദേഹം പറഞ്ഞു. നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിനെ 13 മണിക്കൂര്‍ ചോദ്യം ചെയ്തത് നടപടിക്രമങ്ങള്‍ പാലിക്കാതെയാണ്. ടീം ലീഡറായ ഐ.ജി ദിനേന്ദ കശ്യപുമായി പലതും ആലോചിച്ചില്ലെന്നും സെന്‍കുമാര്‍ പറഞ്ഞു. സംഭവത്തില്‍ അന്വേഷണം ശരിയായ രീതിയിലല്ല നടക്കുന്നതെന്നും പ്രൊഫഷണല്‍ രീതിയിലുളള അന്വേഷണം വേണമെന്നും വിരമിക്കുന്നതിന് തൊട്ടുമുന്‍പ് സെന്‍കുമാര്‍ ഉത്തരവിറക്കിയിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *