നോട്ട്ദുരിതം; മോഡി സര്‍ക്കാരിനെതിരെ വ്യാഴാഴ്ച കേരളം ഒറ്റക്കെട്ടായി പ്രതിഷേധത്തിന്റെ മനുഷ്യച്ചങ്ങല തീര്‍ക്കും

നോട്ട് അസാധുവാക്കി ജനജീവിതത്തെ ദുരിതക്കയത്തിലേക്ക് തള്ളിവിട്ട മോഡി സര്‍ക്കാരിനെതിരെ വ്യാഴാഴ്ച കേരളം ഒറ്റക്കെട്ടായി പ്രതിഷേധത്തിന്റെ മനുഷ്യച്ചങ്ങല തീര്‍ക്കും. നാടും നഗരവും ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി. നോട്ട് പ്രതിസന്ധി പരിഹരിക്കണമെന്നും സഹകരണമേഖലയെ രക്ഷിക്കണമെന്നും ആവശ്യപ്പെട്ടാണ് തിരുവനന്തപുരത്ത് രാജ്ഭവന്‍ മുതല്‍ കാസര്‍കോട് വരെ എല്‍ഡിഎഫ് നേതൃത്വത്തില്‍ മനുഷ്യച്ചങ്ങല തീര്‍ക്കുന്നത്. നരേന്ദ്രമോഡി സര്‍ക്കാരിന്റെ തലതിരിഞ്ഞ പ്രഖ്യാപനത്തോടെ വിവരണാതീതമായ ദുരിതത്തിലായ ജനങ്ങള്‍ കൂട്ടത്തോടെ മനുഷ്യച്ചങ്ങലയില്‍ കണ്ണികളാകും. എല്‍ഡിഎഫ് ഘടകകക്ഷികളെല്ലാം ചങ്ങല ചരിത്രസംഭവമാക്കാന്‍ തയ്യാറെടുപ്പ് പൂര്‍ത്തിയാക്കി.

കലാ-സാംസ്കാരിക-കായിക പ്രതിഭകള്‍, സാമൂഹ്യപ്രവര്‍ത്തകര്‍, വിദ്യാര്‍ഥികള്‍, യുവാക്കള്‍, അധ്യാപകര്‍, ജീവനക്കാര്‍, തൊഴിലാളികള്‍, കര്‍ഷകര്‍ തുടങ്ങി ജീവിതത്തിന്റെ നാനാതുറകളില്‍പെട്ടവര്‍ മനുഷ്യച്ചങ്ങലയില്‍ കണ്ണികളാകും. എല്‍ഡിഎഫുമായി സഹകരിക്കുന്ന ജെഎസ്എസ്, ഐഎന്‍എല്‍, സിഎംപി, ജനാധിപത്യ കേരള കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ് (ആര്‍ ബാലകൃഷ്ണപിള്ള) തുടങ്ങിയ പാര്‍ടികളും മനുഷ്യച്ചങ്ങലയ്ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് രംഗത്തുവന്നിട്ടുണ്ട്.

വ്യാഴാഴ്ച വൈകിട്ട് അഞ്ചിന് ദേശീയപാതയുടെ ഇടതുവശത്താണ് (പടിഞ്ഞാറുഭാഗം) ചങ്ങല തീര്‍ക്കുന്നത്. പങ്കെടുക്കുന്നവര്‍ വൈകിട്ട് നാലിന് നിശ്ചയിക്കപ്പെട്ട കേന്ദ്രങ്ങളില്‍ എത്തും. അഞ്ചിന് പ്രതിജ്ഞയെടുക്കും. തിരുവനന്തപുരം രാജ്ഭവനു മുന്നില്‍നിന്ന് ആരംഭിച്ച് ആലപ്പുഴ വഴി തൃശൂര്‍, ചെറുതുരുത്തി, നീലിയാട്, എടപ്പാള്‍, കുറ്റിപ്പുറം വഴി കാസര്‍കോട് ടൌണ്‍വരെയാണ് ചങ്ങല. പത്തനംതിട്ട, കോട്ടയം ജില്ലകളിലുള്ളവര്‍ ആലപ്പുഴ ജില്ലയില്‍ ഭാഗമാകും. വയനാട് ജില്ലയില്‍ ആറ്് ഏരിയ കേന്ദ്രീകരിച്ചും ഇടുക്കിയില്‍ 15 ഏരിയ കേന്ദ്രീകരിച്ചും കിലോമീറ്ററുകള്‍ നീളുന്ന പ്രത്യേക മനുഷ്യച്ചങ്ങല തീര്‍ക്കും. മനുഷ്യച്ചങ്ങല വന്‍ വിജയമാക്കാന്‍ മുഴുവന്‍ ജനങ്ങളും സഹകരിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ അഭ്യര്‍ഥിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *