നെടുമ്പാശേരി വിമാനത്താവളത്തില്‍ പുതിയ ആഭ്യന്തര ടെര്‍മിനല്‍ മാര്‍ച്ചോടെ

നെടുമ്പാശേരി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഒന്നാം ടെര്‍മിനല്‍ മാര്‍ച്ച് അവസാനത്തോടെ പ്രവര്‍ത്തനമാരംഭിക്കും. ആറ് ലക്ഷത്തിലധികം ചതുരശ്രയടി വിസ്തീര്‍ണത്തില്‍ അത്യാധുനിക സൌകര്യങ്ങളോടെ പണികഴിപ്പിക്കുന്ന ഒന്നാം ടെര്‍മിനല്‍ പൂര്‍ണമായും ആഭ്യന്തരയാത്രക്കാര്‍ക്കും സര്‍വീസുകള്‍ക്കും വേണ്ടിയുള്ളതാണ്. 160 കോടി രൂപ മുടക്കിയാണ് ഒന്നാം ടെര്‍മിനല്‍ വികസിപ്പിക്കുന്നത്.
രാജ്യാന്തര ടെര്‍മിനലായ Sn-3 കഴിഞ്ഞ ഏപ്രിലില്‍ പ്രവര്‍ത്തനംതുടങ്ങിയിരുന്നു. പഴയ രാജ്യാന്തര ടെര്‍മിനലായ Sn-1 പുനര്‍നിര്‍മാണവും തുടങ്ങി. ആഭ്യന്തര വ്യോമയാനരംഗത്തുണ്ടാകുന്ന വന്‍വളര്‍ച്ച മുന്‍നിര്‍ത്തി അടുത്ത 20 വര്‍ഷത്തേക്ക് ഉപയുക്തമാക്കാവുന്ന തരത്തിലാണ് ഒന്നാം ടെര്‍മിനല്‍ വികസിപ്പിക്കുന്നത്. നിലവില്‍ ആഭ്യന്തര ഓപ്പറേഷന്‍ നടക്കുന്ന രണ്ടാം ടെര്‍മിനലിന്റെ ആറിരട്ടിയലധികം വിസ്തൃതിയും ആധുനിക സജ്ജീകരണങ്ങളും പുതിയ ടെര്‍മിനലില്‍ ഉണ്ടാകും. നിലവിലെ ടെര്‍മിനലില്‍ ഒരുമണിക്കൂറില്‍ 800 യാത്രികരെയാണ് കൈകാര്യംചെയ്യാവുന്നത്. ഒന്നാം ടെര്‍മിനല്‍ പ്രവര്‍ത്തനം തുടങ്ങുന്നതോടെ ഇത് 4000 ആയി ഉയരും.
നിലവിലെ ആഭ്യന്തര ടെര്‍മിനലില്‍ ആഗമനവും പുറപ്പെടലും ഒരേ നിരപ്പില്‍നിന്നാണ്. എന്നാല്‍ മൂന്നു നിലകളിലായാണ് ടി1 വിന്യസിച്ചിരിക്കുന്നത്. 2.42 ലക്ഷം ചതുരശ്രയടി വിസ്തീര്‍ണമുള്ള താഴത്തെ നില ചെക്ക്ഇന്‍ ഡിപാര്‍ച്ചര്‍, അറൈവല്‍ ബാഗേജ് ഏരിയ എന്നിവയ്ക്കാണ്. 56 ചെക്ക് ഇന്‍ കൌണ്ടറുകള്‍ ഇവിടെയുണ്ടാകും. നിലവില്‍ 29 ആണ.് ഭക്ഷണശാലകള്‍, ഷോപ്പിങ് കേന്ദ്രങ്ങള്‍, മെഡിക്കല്‍ റൂം എന്നിവയും താഴത്തെ നിലയിലുണ്ട്. എയ്‌റോ ബ്രിഡ്ജ് സൌകര്യവുമുണ്ടാകും.
ഒന്നാം നിലയില്‍ സുരക്ഷാപരിശോധനാ സൌകര്യവും ഗേറ്റുകളുമുണ്ട്. എയ്‌റോ ബ്രിഡ്ജ് സൌകര്യമുള്ള ഏഴ് ഗേറ്റുകള്‍ ഉള്‍പ്പെടെ 11 ഗേറ്റുകളിലേക്ക് ഇവിടെനിന്നാകും പ്രവേശനം. ആയിരത്തിലധികം പേര്‍ക്ക് ഇവിടെ ഇരിപ്പിടമുണ്ടാകും. കടകള്‍, പ്രാര്‍ഥനാമുറി, റിസര്‍വ് ലോഞ്ച്, ബേബി കെയര്‍ റൂം എന്നിവയും ഒന്നാംനിലയിലുണ്ടാകും. 2.18 ലക്ഷം ചരതുരശ്രയടിയാണ് ആകെ വിസ്തൃതി. 90,000 ചതുരശ്രയടി വിസ്തീര്‍ണമുള്ള രണ്ടാം നിലയില്‍ ഫുഡ്‌കോര്‍ട്ട്, എക്‌സിക്യൂട്ടീവ് ലോഞ്ച്, ബാര്‍ എന്നിവ സജ്ജീകരിക്കും. അനുബന്ധസൌകര്യങ്ങള്‍ക്കായി 62,000 ചതുരശ്രയടി സ്ഥലംകൂടി വികസിപ്പിക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *