നെടുങ്കണ്ടം കസ്റ്റഡിമരണക്കേസ് സിബിഐ അന്വേഷിക്കും

തിരുവനന്തപുരം : നെടുങ്കണ്ടം കസ്റ്റഡിമരണക്കേസ് സിബിഐക്ക് വിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇന്നുചേര്‍ന്ന മന്ത്രിസഭായോഗമാണ് തീരുമാനമെടുത്തത്. രാജ്കുമാറിനെ കസറ്റഡിയിലെടുത്തതും അസ്വാഭാവിക മരണവും സിബിഐ അന്വേഷിക്കും. കേസില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ അടക്കം പ്രതികളായ പശ്ചാത്തലത്തിലാണ് കേസ് സിബിഐക്ക് വിടാന്‍ തീരുമാനിച്ചത്.

നെടുങ്കണ്ടം പൊലീസ് രജിസ്റ്റര്‍ ചെയ്ത 349/19 എന്ന കേസാകും സിബിഐ അന്വേഷിക്കുക. രാജ്കുമാറിന്റെ കസ്റ്റഡി കൊലപാതകം സിബിഐ അന്വഷിക്കണമെന്ന് ആവശ്യപ്പെട്ട് മരിച്ച രാജ്കുമാറിന്റെ കുടുംബവും പ്രതിപക്ഷവും രംഗത്തെത്തിയിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് രാജ്കുമാറിന്റെ കുടുംബം കോടതിയെ സമീപിച്ചിട്ടുമുണ്ട്.

ഈ സാഹചര്യത്തില്‍ സംശയം ദുരീകരിക്കാന്‍ കേസ് സിബിഐ അന്വേഷിക്കട്ടെ എന്ന് മന്ത്രിസഭായോഗം തീരുമാനിക്കുകയായിരുന്നു. നേരത്തെ കേസില്‍ പ്രതിയായ എസ്‌ഐ സാബുവിന്റെ ജാമ്യഹര്‍ജി പരിഗണിക്കവെ, കേസ് അന്വേഷണത്തില്‍ പൊലീസിന്റെ ഭാഗത്തുനിന്നും ഗുരുതരമായ വീഴ്ച ഉണ്ടായതായി കോടതി വിമര്‍ശിച്ചിരുന്നു.

ഹരിത ചിട്ടിതട്ടിപ്പുമായി ബന്ധപ്പെട്ട് ജൂണ്‍ 12 നാണ് രാജ്കുമാറിനെ നെടുഹ്കണ്ടം പൊലീസ് കസ്റ്റഡിയിലെടുത്തത്. എന്നാല്‍ അറസ്റ്റ് രേഖപ്പെടുത്താതെ നാലു ദിവസം അനധികതമായി കസ്റ്റഡിയില്‍വെച്ച്‌ രാജ്കുമാറിനെ ക്രൂരമര്‍ദനത്തിന് വിധേയനാക്കി കൊലപ്പെടുത്തുകയായിരുന്നു. കസ്റ്റഡി കൊലപാതക കേസില്‍ നിലവില്‍ ക്രൈംബ്രാഞ്ച് അന്വേഷണവും ജുഡീഷ്യല്‍ അന്വേഷണവും നടക്കുന്നുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *