നീറ്റ് ഫലം; ഹൈക്കോടതി വിധിക്കെതിരെ സി.ബി.എസ്.ഇ സുപ്രീംകോടതിയില്‍


മെഡിക്കല്‍ പ്രവേശനത്തിനുള്ള ദേശീയ യോഗ്യതാ പരീക്ഷയായ ‘നീറ്റ്’ ഫലം സ്റ്റേ ചെയ്ത മദ്രാസ് ഹൈക്കോടതി വിധിക്കെതിരെ സി.ബി.എസ്.ഇ സുപ്രീംകോടതിയെ സമീപിച്ചു. നീറ്റ് പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട് മദ്രാസ്, ഗുജറാത്ത് ഹൈക്കോടതികളിലുള്ള ഹര്‍ജികള്‍ സുപ്രീംകോടതിയിലേക്ക് മാറ്റണമെന്നും സിബിഎസ്ഇ ആവശ്യപ്പെട്ടിട്ടുണ്ട്. ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കും.
നീറ്റ് ഫലപ്രഖ്യാപനത്തിന് കുറച്ച് ദിവസങ്ങള്‍ കൂടി ആവശ്യമാണെന്ന് സിബിഎസ്ഇ കഴിഞ്ഞ ദിവസം മദ്രാസ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. സ്റ്റേ എത്രയും പെട്ടെന്ന് ഒഴിവാക്കിയില്ലെങ്കില്‍ പരീക്ഷയെഴുതിയ 11.8 ലക്ഷം വിദ്യാര്‍ഥികളുടെ ഭാവി അനിശ്ചിതത്വത്തിലാവുമെന്നും ബോര്‍ഡ് കോടതിയെ ബോധിപ്പിച്ചിരുന്നു.
ഓരോ സംസ്ഥാനത്തിനും വ്യത്യസ്ത ചോദ്യ പേപ്പറുകളാണെന്നും പരീക്ഷ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് നീറ്റ് ഫല പ്രഖ്യാപനം തടഞ്ഞു കൊണ്ട് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടത്. എല്ലാ സംസ്ഥാനത്തും പരീക്ഷ നടത്തിയത് ഏകീകൃത രീതിയിലല്ലെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു.
എന്നാല്‍, ഹര്‍ജിക്കാരുടെ ആരോപണം സിബിഎസ്ഇ നിഷേധിച്ചിട്ടുണ്ട്. പ്രാദേശിക ഭാഷയിലെ ചോദ്യക്കടലാസ് ഇംഗ്ലീഷ് ഭാഷയിലെ ചോദ്യക്കടലാസുകളെക്കാള്‍ എളുപ്പമുള്ളതാണെന്ന ആരോപണം സിബിഎസ്ഇ തള്ളിക്കളഞ്ഞു.
പ്രാദേശിക ഭാഷയില്‍ വ്യത്യസ്ത ചോദ്യക്കടലാസാണ് ഉപയോഗിച്ചത്. ഏകീകൃത സിലബസിലാണ് പരീക്ഷ നടത്തുകയെന്ന് ഓള്‍ ഇന്ത്യ മെഡിക്കല്‍ കൗണ്‍സില്‍ ഉറപ്പു നല്‍കിയെങ്കിലും പാലിച്ചില്ലെന്നുമാണ് ഹര്‍ജിക്കാരുടെ ആരോപണം




Sharing is Caring