നീരവ് മോഡിയുടെ തട്ടിപ്പ്: അന്വേഷണം അംബാനി കുടുംബത്തിലേക്കും ; പിഎന്‍ബി ശാഖയില്‍ പരിശോധന


മുംബൈ> നീരവ് മോഡി നടത്തിയ രാജ്യത്തെ ഏറ്റവും വലിയ ബാങ്കിംഗ് തട്ടിപ്പ് കേസിന്റെ അന്വേഷണം അംബാനി കുടുംബത്തിലേക്കും നീങ്ങുന്നു.പഞ്ചാബ് നാഷണല്‍ ബാങ്ക് (പിഎന്‍ബി) തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ധീരുബായ് അംബാനിയുടെ സഹോദരപുത്രന്‍ വിപുല്‍ അംബാനിയെ സിബിഐ ചോദ്യംചെയ്തു. തട്ടിപ്പ് നടത്തി കോടികളുമായി മുങ്ങിയ നീരവ് മോഡിയുടെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ കൂടിയാണ് വിപുല്‍ അംബാനി. മുകേഷ്-അനില്‍ അംബാനി സഹോദരന്‍മാരുടെ അടുത്തബന്ധു കൂടിയാണ് നീരവ് മോഡി.


മുംബൈ ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് വിപുല്‍ അംബാനിയെ ചോദ്യം ചെയ്തത്. കമ്ബനിയുമായി ബന്ധപ്പെട്ട രേഖകള്‍ വിശദമായി പരിശോധിച്ച സിബിഐ വിപുലിനെ രണ്ടുമണിക്കൂറോളമാണ് ചോദ്യംചെയ്തത്. മൂന്നുവര്‍ഷമായി വിപുല്‍ നീരവിനൊപ്പമുണ്ട്.


അതേസമയം ദക്ഷിണ മുംബൈയിലെ പിഎന്‍ബിയുടെ ബ്രാഡിഹൗസ് ശാഖയിലും സിബിഐയും എന്‍ഫോഴ്സ്മെന്റ് പരിശോധന നടത്തി. മറ്റ് ബാങ്ക്ശാഖകള്‍ വായ്പ അനുവദിക്കുന്നതിനായി ഇടപാടുകാരന് ജാമ്യം നില്‍ക്കുന്ന ബാങ്കുകള്‍ നല്‍കാറുള്ള ‘ലെറ്റര്‍സ് ഓഫ് അണ്ടര്‍ടേക്കിങ് (എല്‍ഒയു)’ ഉപയോഗിച്ച്‌ അടുത്തിടെ നടന്നിട്ടുള്ള എല്ലാ ഇടപാടുകളുടെയും വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ രാജ്യത്തെ ബാങ്കുകളോട് സിബിഐ ആവശ്യപ്പെട്ടു

അംബാനി സഹോദരന്‍മാരുടെ സഹോദരി ദീപ്തിയുടെ മകള്‍, നീരവിന്റെ അനുജന്‍ നീഷാല്‍ മോഡിയുടെ ഭാര്യയാണ്. നീരവിനൊപ്പം വിദേശത്തേക്ക് മുങ്ങിയവരില്‍ നീഷാലും ഉള്‍പ്പെടും. നീഷാലിനും ബല്‍ജിയം പൗരത്വമുണ്ട്.ഗോവന്‍ വ്യവസായിയായ ദത്തരാജ് സാല്‍ഗോക്കറാണ് ദീപ്തി അംബാനിയുടെ ഭര്‍ത്താവ്. ഇവരുടെ മകള്‍ ഇഷേതയാണ് നീഷാല്‍ മോദിയുടെ ഭാര്യ. 2016 ഡിസംബറിലായിരുന്നു വിവാഹം.

നീരവിനൊപ്പം വജ്രവ്യവസായിയാണ് നീഷാലും. നീരവിന്റെ ഫയര്‍സ്റ്റാര്‍ ഡയമണ്ട്സ് കമ്ബനിയില്‍ സിഇഒ ആയ നീഷാല്‍ കമ്ബനിയുടെ ഡയമണ്ട് ബിസിനസിന്റെ ചുമതലക്കാരനാണ്. ഇതോടൊപ്പം നീഷാല്‍ എന്റര്‍പ്രൈസസ് കമ്ബനി ഉടമ കൂടിയാണ്.നീരവ് വിദേശത്തേക്ക് മുങ്ങിയതിനു പിന്നാലെയാണ് നീഷാലും വിദേശത്തേക്ക് കടന്നത്അതേസമയം അറസ്റ്റിലായ പിഎന്‍ബി മുന്‍ഡിജിഎം ഗോകുല്‍നാഥ് ഷെട്ടി, നീരവ് മോദിയില്‍നിന്ന് തട്ടിപ്പിന് പരോപകാരമായി പണംവാങ്ങിയതായി സമ്മതിച്ചിട്ടുണ്ട്. ഒപ്പം ബാങ്കിലെ പ്രധാനപ്പെട്ട രേഖകളും ചോര്‍ത്തിനല്‍കുകയും ചെയ്തിട്ടുണ്ട്.



Sharing is Caring