ഷുഹൈബ് വധത്തില്‍ ഗൂഢാലോചനയുണ്ട്; പിടിയിലുള്ളത് ഡമ്മികള്‍- കെ. സുധാരകരന്‍


തിരുവനന്തപുരം: മട്ടന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബ് കൊല്ലപ്പെട്ട സംഭവത്തില്‍ ഉന്നതതലത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍. സംഭവവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ അറസ്റ്റിലായ പ്രതികള്‍ ഡമ്മികളാണെന്നും സുധാകരന്‍ ആരോപിച്ചു. ബോംബ് എറിഞ്ഞാണ് കൊല നടന്നത്. എസ്.പിയുടെ തീരുമാനം പോലും മറികടന്നാണ് ഇന്നലെ അറസ്റ്റ് നടന്നതെന്നും കെ.സുധാകരന്‍ പറഞ്ഞു. ഷുഹൈബ് വധത്തില്‍ യഥാര്‍ഥ പ്രതികളെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് നിരാഹാരസമരം ആരംഭിക്കുന്നതിന് മുന്നോടിയായി വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു സുധാകരന്‍.


യഥാര്‍ഥ പ്രതികളാണോ എന്ന് ഉറപ്പാക്കിയതിന് ശേഷം മാത്രം അറസ്റ്റ് രേഖപ്പെടുത്തിയാല്‍ മതി എന്നറിയിച്ച എസ്.പിയുടെ നിര്‍ദേശം മറികടന്നായിരുന്നു അറസ്റ്റ്. ഇരിട്ടി ഡി.വൈ.എസ്.പി കേസ് എങ്ങനെയെങ്കിലും ഒതുക്കി തീര്‍ക്കാന്‍ ശ്രമിച്ചു. ഇക്കാര്യത്തില്‍ എസ്.പി കടുത്ത പ്രതിഷേധത്തിലാണെന്നാണ് തങ്ങള്‍ മനസ്സിലാക്കുന്നതെന്നും സുധാകരന്‍ പറഞ്ഞു. തന്‍റെ നിര്‍ദേശം മറികടന്നതിനാല്‍ എസ്.പി യാത്ര മാറ്റിവെച്ചിരിക്കുകയാണെന്നും സുധാകരന്‍ പറഞ്ഞു.


പിണറായി വിജയന്‍റെയും പി.ജയരാജന്‍റെയും സന്തതസഹചാരിയാണ് കേസില്‍ പിടിയിലായിരിക്കുന്നത്. ഈ സാഹചര്യത്തില്‍ കൊലപാതകത്തെക്കുറിച്ച്‌ പി.ജയരാജന് അറിവില്ലായിരുന്നു എന്ന് കരുതാനാവില്ല. വിഷയത്തില്‍ കോടിയേരിയും പിണറായി വിജയനും രണ്ട് തട്ടിലാണ്. ഷുഹൈബിന്‍റെ കൊലപാതകത്തോടെ സി.പി.എം ദുര്‍ബലമായിരിക്കുകയാണെന്നും സുധാകരന്‍ അറിയിച്ചു.

മഹിപാല്‍ യാദവിന്‍റെ നേതൃത്തിലുള്ള സംഘം നീതിയുക്തമായ രീതിയിലും സ്വതന്ത്രമായും അന്വേഷണം നടത്തുകയാണെങ്കില്‍ പൊലീസില്‍ വിശ്വാസമര്‍പ്പിക്കാന്‍ തയാറാണെന്നും സുധാകരന്‍ അറിയിച്ചു.



Sharing is Caring