നീരവ് മോഡിക്ക് 1286 കോടി നല്‍കിയത് പിഎന്‍ബിയുടെ ഉറപ്പില്‍: എസ്ബിഐ

കൊച്ചി > നീരവ് മോഡിയുമായി തങ്ങള്‍ നേരിട്ട് ഇടപാടൊന്നും നടത്തിയിട്ടില്ലെന്ന് എസ്ബിഐ ചെയര്‍മാന്‍ രജനീഷ് കുമാര്‍. എന്നാല്‍, പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ഈടിന്മേല്‍ 1286 കോടിയോളം രൂപ എസ്ബിഐ നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ബാങ്കിങ് ഇടപാടുകള്‍ വെല്ലുവിളിയുള്ളതാണ്്. കോര്‍പറേറ്റ് ഇടപാടുകളുടെ കാര്യത്തില്‍ പ്രത്യേകിച്ചും. വജ്രവ്യാപാരമേഖലയില്‍ മൊത്തം വായ്പയുടെ ഒരു ശതമാനത്തില്‍ കുറഞ്ഞ തുകയേ നല്‍കിയിട്ടുള്ളൂ. റിസ്ക് ഒഴിവാക്കി ബാങ്കിങ് പ്രവര്‍ത്തനം സാധ്യമല്ലെന്നും അദ്ദേഹം പറഞ്ഞു.

സേവിങ്സ് ബാങ്ക് അക്കൗണ്ടില്‍ മിനിമം തുക ഇല്ലെങ്കില്‍ പിഴ ഈടാക്കുന്ന നിബന്ധന പിന്‍വലിക്കാനാകില്ലെന്ന് എസ്ബിഐ ചെയര്‍മാന്‍ പറഞ്ഞു. വിവിധ സേവനങ്ങള്‍ക്ക് സര്‍വീസ് ചാര്‍ജ് ഈടാക്കുന്നത് തുടരും. ആനുകൂല്യം നല്‍കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങളുമായി ചേര്‍ന്ന് 14 കോടി അക്കൗണ്ട് സൗജന്യമായി ലഭ്യമാക്കി.

എസ്ബിഐയുടെ വായ്പാമേഖലയില്‍ 40 ശതമാനവും കോര്‍പറേറ്റ് വായ്പകളാണ്. ബാക്കി ഭവന, കാര്‍ഷിക, ചില്ലറ, ചെറുകിട മേഖലകളില്‍. അനുബന്ധ ബാങ്കുകളുടെ ലയനശേഷം ജീവനക്കാരെ പിരിച്ചുവിട്ടിട്ടില്ല. പ്രവര്‍ത്തന വിപുലീകരണത്തിന്റെ ഭാഗമായി അമരാവതിയിലും ജയ്പുരിലും രണ്ട് സര്‍ക്കിള്‍ ആരംഭിച്ചു. 13,000 പേര്‍ വര്‍ഷംതോറും വിരമിക്കുന്നുണ്ട്. സാങ്കേതികവിദ്യയുടെ പിന്തുണയുള്ളതിനാല്‍ അത്രയും പേരെ പുനര്‍നിയമിക്കാറില്ല.

ലയനശേഷം പ്രവാസിനിക്ഷേപത്തില്‍ എട്ടു ശതമാനം വര്‍ധനയുണ്ടായി. മൊത്തമുള്ള 30 ലക്ഷം പ്രവാസി അക്കൗണ്ടുകളില്‍ 16 ലക്ഷവും കേരളത്തില്‍നിന്നാണ്. മൊത്തം ബിസിനസിന്റെ 28 ശതമാനം പ്രവാസി നിക്ഷേപങ്ങളില്‍നിന്നാണ്.ബാങ്കിന്റെ ഡിജിറ്റല്‍ ഇടപാടുകളില്‍ എട്ടു ശതമാനം വര്‍ധനയുണ്ടായി. എടിഎമ്മുകള്‍ വഴിയുള്ള ഇടപാടുകള്‍ കുറയുന്ന പ്രവണതയാണുള്ളതെന്നും രജനീഷ്കുമാര്‍ പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *