ന്യൂഡല്‍ഹി: നിര്‍ഭയ കൂട്ടബലാത്സംഗ കേസില്‍ നാല് പ്രതികളുടെ വധശിക്ഷ ശരിവെച്ചു. ക്രിമിനല്‍ ഗൂഢാലോചന സംശയാതീതമായി തെളിയിക്കപ്പെട്ടതായി കോടതി നിരീക്ഷിച്ചു. സിസിടിവി ദൃശ്യങ്ങളും പെണ്‍കുട്ടിയുടെ മരണമൊഴിയും അവഗണിക്കാനാവാത്ത തെളിവുകളാണെന്നും കോടതി വ്യക്തമാക്കി. മുകേഷ്, പവന്‍, വിനയ്, അക്ഷയ് എന്നിവര്‍ക്ക് വിചാരണക്കോടതി വിധിച്ച, ഡല്‍ഹി ഹൈക്കോടതി ശരിവെച്ച വധശിക്ഷയാണ് സുപ്രീംകോടതിയും ശരിവെച്ചത്.
അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ സംഭവമാണിത്. ക്രൂരവും പൈശാചികവുമായ സംഭവം. രാജ്യത്തിന്റെ മനസാക്ഷിയെ ഞെട്ടിച്ച സംഭവമാണിത്. ശിക്ഷ ഇളവ് ചെയ്യാന്‍ യാതൊരു സാഹചര്യവുമില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ചാണ് വിധി പറഞ്ഞത്.

കീഴ്‌ക്കോടതി വിധികള്‍ക്കെതിരെ പ്രതികളായ മുകേഷ്, പവന്‍, വിനയ്, അക്ഷയ് എന്നിവര്‍ നല്‍കിയ അപ്പീലിലാണ് സുപ്രീംകോടതി വിധി പറഞ്ഞത്. കുറ്റകൃത്യത്തിന്റെ പൈശാചികതയും ക്രൂരതയും കണക്കിലെടുത്ത് പ്രതികള്‍ക്ക് യാതൊരു ഇളവും നല്‍കരുതെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. എന്നാല്‍ കോടതി നിയോഗിച്ച രണ്ട് അമിക്കസ് ക്യൂറിമാരും വധശിക്ഷ റദ്ദാക്കണമെന്നായിരുന്നു അവശ്യപ്പെട്ടത്. കേസില്‍ കീഴ്‌ക്കോടതികളില്‍ നടന്ന വിചാരണ ക്രിമിനല്‍ നടപടിക്രമങ്ങള്‍ക്ക് വിരുദ്ധമായാണെന്നും അതിനാല്‍ കീഴ്‌ക്കോടതി വിധികള്‍ റദ്ദാക്കി പുതിയ വിചാരണ വേണമെന്നുമായിരുന്നു അമിക്കസ് ക്യൂറി രാജു രാമചന്ദ്രന്റെ വാദം. പ്രതികള്‍ കുറ്റകൃത്യത്തിന് മുന്‍പ് ഗൂഢാലോചന നടത്തിയതായി തെളിവില്ലെന്ന് അമിക്കസ് ക്യൂറി സന്തോഷ് ഹെഗ്‌ഡെ വാദിച്ചു. അതിനാല്‍ വധശിക്ഷ റദ്ദാക്കി, പ്രതികള്‍ക്ക് മാനസാന്തരത്തിന് അവസരം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാല്‍ അമിക്കസ് ക്യൂറിമാരുടെ വാദം സുപ്രീംകോടതി തള്ളിക്കളഞ്ഞു.
2012 ഡിസംബര്‍ 16നാണ് ദക്ഷിണ ഡല്‍ഹിയില്‍ പെണ്‍കുട്ടി ഓടിക്കൊണ്ടിരിക്കുന്ന ബസ്സില്‍ കൂട്ട ബലാത്സംഗത്തിനിരയായത്. പിന്നീട് സിംഗപ്പൂരില്‍ ചികിത്സക്കിടെ മരിച്ചു. വലിയ പ്രക്ഷോഭങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കുമാണ് രാജ്യ തലസ്ഥാനം പിന്നീട് സാക്ഷ്യം വഹിച്ചത്













