നിരത്തിലിറങ്ങാത്ത ബസുകൾ വിശ്രമകേന്ദ്രങ്ങളാക്കി മാറ്റി കെ.എസ്.ആർ.ടി.സി

തൃശ്ശൂർ ഡിപ്പോയിലെ നിരത്തിലിറങ്ങാത്ത ബസുകൾ വിശ്രമ കേന്ദ്രങ്ങളാക്കി മാറ്റി കെ.എസ്.ആർ.ടി.സി. ദീർഘദൂര ബസുകളിലെ ജീവനക്കാർക്ക് വിശ്രമിക്കാനുള്ള ശീതീകരിച്ച മുറിയാക്കിയാണ് ഈ ബസുകളെ മാറ്റിയത്. കെ.എസ്.ആർ.ടി.സി സ്റ്റാഫ് സ്ലീപ്പർ എന്നാണ് ഈ വിശ്രമമുറിയുടെ പേര്.

പുറത്ത് നിന്ന് നോക്കിയാൽ പുതിയ കെ.എസ്.ആർ.ടി.സി ബസ്സാണെന്നാണ് ഈ സ്റ്റാഫ് സ്ലീപ്പർ വിശ്രമ മുറികൾ കണ്ടാൽ തോന്നുക. കാലാവധി കഴിഞ്ഞ ബസിന്റെ എൻജിൻ അഴിച്ചെടുത്ത് ചില മാറ്റങ്ങൾ വരുത്തിയാണ് ഈ വിശ്രമ മുറികൾ സജ്ജമാക്കിയിരിക്കുന്നത്. ബസ്സിനകത്ത് കയറിയാൽ ആദ്യം കാണുന്നത് ഭക്ഷണം കഴിക്കാൻ തയ്യാറാക്കിയിട്ടുള്ള ടേബിളുകളും അതിന് ആവശ്യമായ സ്റ്റൂളുകളുമാണ്. കൈകഴുകുന്നതിന് കണ്ണാടിയോട് കൂടിയ വാഷ് ബേസിനുകളുണ്ട്. 16 പേർക്ക് ഓരേ സമയം വിശ്രമിക്കുന്നതിനും സാധനങ്ങൾ സൂക്ഷിക്കുന്നതിനുമുള്ള ക്രമീകരണങ്ങളാണ് അകത്തുള്ളത്, എസിയും ഫാനും ലൈറ്റുമെല്ലാം സജ്ജീകരിച്ചിട്ടുണ്ട്.

നേരത്തെ 1 ലക്ഷം രൂപക്ക് പൊളിച്ചെടുക്കാൻ കൊടുത്തിരുന്ന ബസുകളാണ് ഇപ്പോൾ പുതിയ രൂപത്തിലേക്കു മാറ്റിയത്. ക്രൂ ചെയ്ഞ്ച് നടക്കുന്ന ഡിപ്പോ എന്ന രീതിയിൽ ആദ്യമായി ബസ് വിശ്രമ മുറിയാക്കി മാറ്റിയത് തൃശ്ശുരിലാണ്. രൂപം മാറ്റുന്ന ബസുകൾ വ്യാപാര സ്ഥാപന നടത്തിപ്പിനായി കൈമാറാനും ആലോചനയുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *