നിയമസഭാ സമ്മേളനം നാളെ മുതല്‍


12 ദിവസത്തെ ഇടവേളക്ക് ശേഷം നാളെ ചേരുന്ന നിയമസഭ ബന്ധുനിയമനവിവാദത്തില്‍ കലങ്ങിമറിയും. മുഖ്യമന്ത്രിയെ ലക്ഷ്യമിട്ടായിരിക്കും സഭയിലെ പ്രതിപക്ഷനീക്കം. ഒരു മന്ത്രിയെ നഷ്ടമായെങ്കിലും ജയരാജന്റെ അതിവേഗത്തിലുള്ള രാജിയുടെ ധാര്‍മ്മികത ഉയര്‍ത്തിയായിരിക്കും ഭരണപക്ഷത്തിന്റെ പ്രതിരോധം.സ്വാശ്രയപ്രശ്നത്തില്‍ അടിച്ചുപിരിഞ്ഞ നിയമസഭ വീണ്ടും ചേരുമ്ബോള്‍ കാര്യങ്ങളാകെ മാറി മറഞ്ഞു കഴിഞ്ഞു. സംസ്ഥാനത്താകെ കത്തിപ്പടര്‍ന്ന നിയമനവിവാദം , മന്ത്രിസഭയിലെ രണ്ടാമനെ നഷ്ടമായ ഭരണപക്ഷം, അപ്രതീക്ഷിതമായി കിട്ടിയ മികച്ച ആയുധവുമായി പ്രതിപക്ഷം. ജയരാജന്റെ രാജിയിലും തൃപ്തരല്ലാത്ത പ്രതിപക്ഷത്തിന്റെ ഇനിയുള്ള ലക്ഷ്യം മുഖ്യമന്ത്രി. മുഖ്യമന്ത്രിയുടെ പങ്കും അന്വേഷിക്കണമെന്നാവശ്യപ്പെട്ടായിരിക്കും പ്രതിഷേധം.
ഇപിയുടെ രാജി ക്ഷീണമാണെങ്കിലും ആരോപണങ്ങളില്‍ അതിവേഗമെടുത്ത തീരുമാനം തന്നെയായിരിക്കും പ്രതിപക്ഷത്തിനുള്ള ഭരണപക്ഷ മറുപടി. ആരോപണക്കൊടുങ്കാറ്റില്‍ യുഡിഎഫ് മന്ത്രിമാര്‍ കടിച്ചുതൂങ്ങിയതടക്കം പരാമര്‍ശിക്കുമെന്നുറപ്പ്. രാജിയും അന്വേഷണവും പ്രഖ്യാപിച്ചതിനാല്‍ പ്രതിപക്ഷ വിമര്‍ശനങ്ങള്‍ക്ക് മൂര്‍‍ച്ഛ കുറയുമെന്നാണ് ഭരണപക്ഷ വിലയിരുത്തല്‍.




Sharing is Caring