നിയമസഭാ തെരഞ്ഞെടുപ്പിന് ഒരുക്കങ്ങള്‍; വോട്ടിംഗ് യന്ത്രങ്ങളുടെ ആദ്യഘട്ട പരിശോധന ഇന്ന് പൂര്‍ത്തിയാകും

നിയമസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ ഉപയോഗിക്കുന്ന വോട്ടിംഗ് യന്ത്രങ്ങളുടെ ആദ്യഘട്ട പരിശോധന ഇന്ന് പൂര്‍ത്തിയാകും.

ഉപയോഗക്ഷമമെന്ന് സ്ഥിരീകരിച്ച യന്ത്രങ്ങളുടെ പുനഃപരിശോധനയുടെ ഭാഗമായുള്ള മോക് പോള്‍ തിരുവാതുക്കല്‍ എ.പി.ജെ. അബ്ദുല്‍ കലാം ഓഡിറ്റോറിയത്തിലെ ഇവിഎം വെയര്‍ഹൗസില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ സാന്നിധ്യത്തില്‍ ഇന്നലെ ആരംഭിച്ചു.

ജില്ലാ കളക്ടര്‍ എം. അഞ്ജന ക്രമീകരണങ്ങള്‍ വിലയിരുത്തി. തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടര്‍ എസ്.എല്‍. സജികുമാര്‍, ഡെപ്യൂട്ടി കളക്ടര്‍ ജെസി ജോണ്‍ എന്നിവര്‍ നടപടികള്‍ക്ക് നേതൃത്വം നല്‍കി. രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തെരഞ്ഞെടുക്കുന്ന ആറു ശതമാനം വോട്ടിംഗ് യന്ത്രങ്ങളാണ് മോക് പോളിന് ഉപയോഗിക്കുന്നത്. മോക് പോള്‍ പൂര്‍ത്തിയാകുന്ന യന്ത്രങ്ങളില്‍ താല്‍ക്കാലികമായി വച്ചിട്ടുള്ള ലേബലുകള്‍ എടുത്തു മാറ്റിയശേഷം എല്ലാ യന്ത്രങ്ങളും പോലീസ് കാവലില്‍ ഇവിഎം വെയര്‍ഹൗസില്‍തന്നെ സൂക്ഷിക്കും.

തെലങ്കാനയില്‍നിന്നും കൊണ്ടുവന്നവയും പാലാ ഉപതെരഞ്ഞെടുപ്പിന് ഉപയോഗിച്ചവയും ഉള്‍പ്പെടെ 3539 കണ്‍ട്രോള്‍ യൂണിറ്റുകളും 3560 ബാലറ്റ് യൂണിറ്റുകളും 3724 വിവിപാറ്റ് യന്ത്രങ്ങളുമാണ് പരിശോധിച്ചത്. ഇതില്‍ 2969 കണ്‍ട്രോള്‍ യൂണിറ്റുകളും 3457 ബാലറ്റ് യൂണിറ്റുകളും 3321 വിവിപാറ്റ് യന്ത്രങ്ങളും ഉപയോഗക്ഷമമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ആയിരം വോട്ടര്‍മാരില്‍ അധികമുള്ള കേന്ദ്രങ്ങളില്‍ ഏര്‍പ്പെടുത്തുന്ന 842 ഓക്‌സിലിയറി ബൂത്തുകള്‍ ഉള്‍പ്പെടെ ആകെ 2406 പോളിംഗ് ബൂത്തുകളാണ് കോട്ടയം ജില്ലയില്‍ ഉണ്ടാവുക.

ഡെപ്യൂട്ടി കളക്ടര്‍ അലക്‌സ് ജോസഫിന്റെ നേതൃത്വത്തില്‍ ഭാരത് ഇലക്‌ട്രോണിക്‌സ് ലിമിറ്റഡിലെ ഏഴ് എഞ്ചിനീയര്‍മാരും റവന്യൂ വകുപ്പിലെ വിവിധ ഓഫീസുകളില്‍നിന്നും ജില്ലാ കളക്ടര്‍ നിയോഗിച്ച 35 ജീവനക്കാരുമാണ് 27 മുതല്‍ പൊതുഅവധി ദിവസങ്ങളില്‍ ഉള്‍പ്പെടെ യന്ത്രങ്ങളുടെ പരിശോധന നടത്തിയത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *