നിയമസഭാ തിരഞ്ഞെടുപ്പ്: കുമ്മനം നേമത്ത് മത്സരിച്ചേക്കും, വട്ടിയൂര്‍കാവില്‍ പി.കെ കൃഷ്ണദാസും

സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപിയുടെ ഏക സിറ്റിങ് സീറ്റായ നേമത്ത് ഒ. രാജഗോപാലിന് പകരക്കാരനായി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ മത്സരിച്ചേക്കുമെന്ന് സൂചന. സംസ്ഥാനത്ത് ബിജെപി ആദ്യമായി അക്കൗണ്ട് തുറക്കുന്നത് 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ നേമം മണ്ഡലത്തിലൂടെയാണ്. ഇത്തവണയും നേമം നിലനിര്‍ത്തുമെന്നാണ് ബിജെപി അവകാശപ്പെടുന്നത്.

കുമ്മനത്തിന് വേണ്ടി നേമത്ത് വീട് വാടകയ്ക്ക് എടുത്തു. മണ്ഡലത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് പാര്‍ട്ടി നേതൃത്വം കുമ്മനത്തിന് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശമെന്നാണ് വിവരങ്ങള്‍. നിലവിലെ എംഎല്‍എ ആയ ഒ. രാജഗോപാലിന് 91 വയസായതിനാല്‍ പ്രായാധിക്യം പരിഗണിച്ച്‌ പുതിയ ആളെ മത്സരിപ്പിക്കണമെന്നാണ് പാര്‍ട്ടി നേതൃത്വം കരുതുന്നത്. ഈ സ്ഥാനത്തേക്കാണ് 68 കാരനായ കുമ്മനത്തിനെ ആര്‍എസ്‌എസ് നേതൃത്വം നിര്‍ദ്ദേശിച്ചിരിക്കുന്നത്. മത്സരിക്കാനുള്ള വിമുഖത മുമ്ബ് ഒ. രാജഗോപാല്‍ അറിയിച്ചിരുന്നതിനാല്‍ നേമത്ത് പുതിയ ആളെ മത്സരിപ്പിക്കുമെന്നത് ഏറക്കുറെ ഉറപ്പായിരുന്നു.

2016-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 8671 വോട്ടിന്റെ ഭൂരിപക്ഷത്തിലൂടെയാണ് രാജഗോപാല്‍ നിയമസഭയിലെക്കെത്തിയത്. ബിജെപിയുടെ സംസ്ഥാന ചരിത്രത്തിലെ ആദ്യത്തെ എംഎല്‍എ ആണ് ഒ. രാജഗോപാല്‍. സിപിഎമ്മിലെ വി. ശിവന്‍കുട്ടിയെ ആണ് രാജഗോപാല്‍ പരാജയപ്പെടുത്തിയത്. കഴിഞ്ഞതവണ കുമ്മനം മത്സരിച്ച വട്ടിയൂര്‍ക്കാവില്‍ ഇത്തവണ മുന്‍ സംസ്ഥാന അധ്യക്ഷന്‍ പി.കെ കൃഷ്ണദാസ് മത്സരിച്ചേക്കുമെന്നാണ് കരുതുന്നത്. തിരുവനന്തപുരത്ത് തന്നെ ബിജെപി ഏറെ പ്രതീക്ഷ കൊടുക്കുന്ന മണ്ഡലമാണ് വട്ടിയൂര്‍കാവ്. ഇവിടെ കഴിഞ്ഞ തവണ ശക്തമായ മത്സരമാണ് ബിജെപി നടത്തിയത്. കുമ്മനം ഇവിടെ രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു.

ബി.ഗോപാലകൃഷ്ണന്‍, എ.എന്‍.രാധാകൃഷ്ണന്‍ എന്നിവര്‍ തൃശൂര്‍ ജില്ലയിലെ വിവിധ മണ്ഡലങ്ങളില്‍ മത്സരിക്കാനും സാധ്യതയുണ്ട്. ശോഭാ സുരേന്ദ്രനെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ കേരള ബിജെപിയില്‍ തുടരുകയാണ്. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പ് ശോഭാ സുരേന്ദ്രനെ പാര്‍ട്ടിയില്‍ സജീവമാക്കണമെന്നാണ് ഒരു വിഭാഗം ആവശ്യപ്പെടുന്നത്. ശോഭാ സുരേന്ദ്രനും കെ.സുരേന്ദ്രനും തമ്മിലുള്ള അഭിപ്രായഭിന്നത തുടര്‍ന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ദോഷം ചെയ്യുമെന്നാണ് വിലയിരുത്തല്‍.

Spread the love

Leave a Reply

Your email address will not be published. Required fields are marked *