നിയമഭേദഗതിക്ക് അംഗീകാരം: പ്രസവാവധി ഇനി ആറര മാസം


പൂര്‍ണ ശമ്പളാനുകൂല്യങ്ങളോടെയുള്ള പ്രസവാവധി ആറരമാസമാക്കാനുള്ള നിയമഭേദഗതി ബില്ല് രാജ്യസഭ പാസാക്കി. ഇതോടെ ശമ്പളാനുകൂല്യങ്ങളോടെ പ്രസാവവധി 12 ആഴ്ചയില്‍ നിന്ന് 26 ആഴ്ചയായി വര്‍ധിക്കും. പ്രസവശേഷം കുഞ്ഞിനൊപ്പം ചെലവഴിക്കാന്‍ കൂടുതല്‍ സമയം ലഭ്യമാക്കാനും അമ്മയുടെ ആരോഗ്യം പരിഗണിച്ചുമാണ് കേന്ദ്രസര്‍ക്കാര്‍ 1961-ലെ നിയമം ഭേദഗതി ചെയ്തത്.


മാതൃത്വ ആനുകൂല്യ നിയമഭേദഗതി ബില്ലിന് കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയിരുന്നു. ബില്ല് വ്യാഴാഴ്ച തന്നെ രാജ്യസഭയില്‍ അവതിപ്പിക്കുകയായിരുന്നു. രണ്ടു മക്കളുടെ കാര്യത്തിലാണ് ആനുകൂല്യം. രണ്ടില്‍ കൂടുതല്‍ കുട്ടികളുടെ കാര്യത്തില്‍ പ്രസവാവധി 12 ആഴ്ച തന്നെയായിരിക്കും. കുട്ടികളെ ദത്തെടുക്കുന്ന അമ്മക്കും 12 ആഴ്ചത്തെ മാതൃത്വ അവധി അനുവദിക്കും. വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള സൗകര്യം ഒരുക്കുന്നതിനും വ്യവസ്ഥയുണ്ട്.


24 ആഴ്ചത്തെ മാതൃത്വ അവധിയാണ് ഇന്ത്യന്‍ ലേബര്‍ കോണ്‍ഫറന്‍സ് ശുപാര്‍ശ. കേന്ദ്ര വനിതാശിശു വികസന മന്ത്രാലയം എട്ടുമാസത്തെ അവധി ആനുകൂല്യങ്ങളാണ് നിര്‍ദേശിച്ചിരുന്നത്. പത്തോ അധിലധികമോ ജീവനക്കാരുളള എല്ലാ സ്ഥാപനങ്ങളും നിയമഭേദഗതിയുടെ പരിധിയില്‍ വരും.



Sharing is Caring