നിയമന അഴിമതി: ഒരാള്‍ കൂടെ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു


ജബല്‍പുര്‍: മധ്യപ്രദേശ് നിയമന അഴിമതിയുമായി ബന്ധപ്പെട്ട് ഒരാള്‍ കൂടി ദുരൂഹ സാഹചര്യത്തില്‍ മരിച്ചു. ജബല്‍പുര്‍ മെഡിക്കല്‍കോളജ് ഡീനിനെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. പരീക്ഷയുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്ന ഡോ. അരുണ്‍ ശര്‍മയാണ് മരിച്ചത്.


ദില്ലിയിലെ ഹോട്ടലിലാണ് ഇയാളെ മരിച്ചനിലയില്‍ കണ്ടെത്തിയത്. രണ്ടു മാസം മുമ്പാണ് ഡോ. അരുണ്‍ ജബല്‍പുര്‍ എന്‍ എസ് മെഡിക്കല്‍ കോളജ് ഡീനായി ചുമതലയേറ്റത്. കേസില്‍ പ്രതികളോ സാക്ഷികളോ ആയ 44 പേരാണ് ഇതുവരെ ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്. ഇതിനിടെയാണ് അരുണ്‍ ശര്‍മയുടെ മരണവും.


കേസില്‍ ആരോപണവിധേയായി ദുരൂഹ സാഹചര്യത്തില്‍ മരിച്ച പെണ്‍കുട്ടി നമ്രതയുടെ ബന്ധുക്കളുമായി അഭിമുഖം നടത്തിയ മാധ്യമ പ്രവര്‍ത്തകനും ഹൃദയാഘാതം മൂലം മരിച്ചു. മാധ്യമപ്രവര്‍ത്തകനായ അക്ഷയ് സിംഗാണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം.

അഭിമുഖത്തിന് ശേഷം അക്ഷയ് കുഴഞ്ഞു വീഴുകയായിരുന്നു. നമ്രതയെ കഴിഞ്ഞ ദിവസം റെയില്‍വെ ട്രാക്കില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. അക്ഷയുടെ മരണത്തെക്കുറിച്ച് പ്രത്യേക അന്വേഷണ സംഘം അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ പറഞ്ഞു.



Sharing is Caring