നിങ്ങള്‍ വീട് വൃത്തിയാക്കുമ്പോള്‍ ലോഷന്‍ ഉപയോഗിക്കാറുണ്ടോ ?എങ്കില്‍ സൂക്ഷിക്കണം

സ്വന്തം വീട് വൃത്തിയായി സൂക്ഷിക്കുക എന്നത് എല്ലാ സ്ത്രീകള്‍ക്കും സന്തോഷമേകുന്നതാണ്. വീട് തൂത്ത് തുടച്ച് വൃത്തിയാക്കി വെക്കുന്നത് മിക്കപ്പോഴും വീട്ടിലെ സ്ത്രീകള്‍തന്നെയാണ്. എന്നാല്‍ ഇത്തരത്തില്‍ ഇടയ്ക്കിടെ അടിച്ച് തുടച്ച് വൃത്തിയാക്കുമ്പോള്‍ ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. സ്ത്രീകള്‍ക്ക് തന്നെ രോഗം വരുത്തും എന്നാണ് നോര്‍വേയിലെ ബേഗന്‍ സര്‍വകലാശാലയില്‍ നടത്തിയ പഠനത്തിലെ കണ്ടെത്തല്‍. അടിക്കടി ഈ വൃത്തിയാക്കല്‍ ജോലികള്‍ ചെയ്യുന്ന സ്ത്രീകള്‍ക്ക് ശ്വാസകോശസംബന്ധമായ രോഗങ്ങള്‍ വരാനുള്ള സാധ്യത ഇരട്ടിയാണെന്നാണ് പഠനത്തില്‍ പറയുന്നത്.

വീടോ ഓഫിസോ വൃത്തിയാക്കാന്‍ ഉപയോഗിക്കുന്ന കെമിക്കല്‍ ലോഷനുകള്‍ ആണ് ഇവിടെ വില്ലനാകുന്നത്. 34 വയസ്സിനുള്ളിലെ 6,235 സ്ത്രീകളില്‍ നടത്തിയ പഠനമാണ് ഗവേഷകരെ ഈ നിഗമനത്തില്‍ എത്തിച്ചത്. പുകവലിയെക്കാള്‍ മാരകമായ ദോഷഫലമാണ് ഇത് നല്‍കുക. വൃത്തിയാക്കല്‍ ജോലികളില്‍ ഏര്‍പ്പെടുന്ന സ്ത്രീകള്‍ക്ക് മറ്റു സ്ത്രീകളെ അപേക്ഷിച്ചു ശ്വാസകോശത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാകുന്നു എന്നാണു പഠനത്തില്‍ വ്യക്തമായിരിക്കുന്നത്. ഒരു പ്രത്യേക സാമൂഹികവിഭാഗത്തില്‍ പെടുന്ന സ്ത്രീകള്‍ മാത്രമാണ് പൊതുവേ വീട്ടുജോലികള്‍ ചെയ്യാത്തതെന്നും ഗവേഷകര്‍ പറയുന്നു. അല്ലാത്ത ഒട്ടുമിക്ക സ്ത്രീകളും വീട്ടുജോലികള്‍ ചെയ്യുന്നവര്‍ ആണ്.

തറവൃത്തിയാക്കാനും മറ്റും ഉപയോഗിക്കുന്ന കെമിക്കല്‍ വസ്തുക്കള്‍ ശ്വസിക്കുന്നത് ശരീരത്തിനു നല്ലതല്ല. ഇത് സ്ഥിരമായി ശ്വസിക്കുമ്പോള്‍ ശ്വാസകോശത്തെ ദോഷകരമായി ബാധിക്കാന്‍ തുടങ്ങും. സ്ഥിരമായി വീട് വൃത്തിയാക്കുന്ന സ്ത്രീകളില്‍ 12.3 ശതമാനംപേര്‍ക്കും ആസ്മ ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. അതേസമയം ഓഫീസുകളില്‍ ക്ലീനിങ് ജോലികള്‍ ചെയ്യുന്ന സ്ത്രീകളില്‍ 9.6 ശതമാനം പേര്‍ക്കും ആസ്മ ഉണ്ടാകുന്നണ്ടത്രേ. ഇതേ പ്രശ്‌നം പുരുഷന്മാര്‍ക്കും ഉണ്ടാകുന്നുണ്ടെന്നും ഗവേഷകര്‍ ഓര്‍മിപ്പിക്കുന്നു. അതുകൊണ്ടുതന്നെ ക്ലീനിങ് ജോലികള്‍ ചെയ്യാനായി സ്ഥിരമായി ലോഷനുകള്‍ ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലതെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇനി വൃത്തിയാക്കിയെ മതിയാകൂ എന്നാണെങ്കില്‍ ലോഷനുകളും മറ്റും ഒഴിവാക്കി തുണിയും വെള്ളവും മാത്രം ഉപയോഗിക്കുക. അല്ലെങ്കില്‍ തീരെ വീര്യം കുറഞ്ഞ ലോഷനുകള്‍ വാങ്ങുക എന്നതായിരിക്കും ഉചിതമായ തീരുമാനം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *