നാല് ജഡ്ജിമാരെ ഒഴിവാക്കി ചീഫ് ജസ്റ്റിസ് ഭരണഘടനാ ബെഞ്ച് പുനഃസംഘടിപ്പിച്ചു

മുതിര്‍ന്ന ജഡ്ജിമാരെ ഒഴിവാക്കി ഭരണഘടനാ ബെഞ്ച് പുനഃസംഘടിപ്പിച്ചു. വെള്ളിയാഴ്ച്ച വാര്‍ത്താ സമ്മേളനം നടത്തിയ നാല് ജഡ്ജിമാരും ബെഞ്ചില്‍ ഇല്ല. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയാണ് ബെഞ്ച് പുനഃസംഘടിപ്പിച്ചത്.

ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കു പുറമെ ജസ്റ്റിസുമാരായ എകെ സിക്രി, എഎം ഖാനന്‍വില്‍ക്കര്‍, ഡിവൈ ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍ എന്നീ ജഡ്ജിമാരാണ് പുതിയ ബെഞ്ചിലെ അംഗങ്ങള്‍.

ആധാര്‍, ശബരിമല സ്ത്രീ പ്രവേശനം, സ്വവര്‍ഗ രതി കുറ്റകരമാക്കിയത് പുന:പരിശോധിക്കല്‍ തുടങ്ങിയ പ്രധാന കേസുകളെല്ലാം ഇനി പുതിയ ഭരണഘടനാ ബഞ്ചായിരിക്കും പരിഗണിക്കുക.

സുപ്രീം കോടതിയിലെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെട്ടു എന്നാണ് അറ്റോര്‍ണി ജനറല്‍ വ്യക്തമാക്കിയത്. എന്നാല്‍ പ്രതിഷേധിച്ചവരെയെല്ലാം മാറ്റിനിര്‍ത്തിക്കൊണ്ടാണ് ഭരണഘടനാ ബെഞ്ചിന് രൂപം നല്‍കിയതെന്നതും ശ്രദ്ധേയമാണ്.

17ാം തീയതി മുതല്‍ ഭരണ ഘടനാ ബെഞ്ച് വാദം കേള്‍ക്കുമെന്ന സുപ്രീം കോടതി റജിസ്ട്രി അറിയിച്ചിരുന്നു എന്നാല്‍ ബെഞ്ചിലെ അംഗങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ ഇതുവരെ പുറത്ത് വിട്ടിരുന്നില്ല. ആ ലിസ്റ്റാണ് അല്‍പം മുമ്ബ് പുറത്ത് വിട്ടത്.

രാജ്യത്തെ പരമോന്നത നീതിപീഠത്തിന്റെ വിശ്വാസ്യതയെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ടാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കുമെതിരേ ജസ്റ്റിസുമാരായ ജെ. ചെലമേശ്വര്‍, രഞ്ജന്‍ ഗൊഗോയ്, മദന്‍ ബി. ലോകൂര്‍, കുര്യന്‍ ജോസഫ് എന്നിവര്‍ രംഗത്ത വന്നത്. വെള്ളിയാഴ്ച രാവിലെ കോടതി നടപടികള്‍ നിര്‍ത്തിവെച്ചായിരുന്നു പത്രസമ്മേളനം നടത്തിയത്.

ബെഞ്ച് നോക്കി കേസുകള്‍ കൊടുക്കുന്ന ചീഫ് ജസ്റ്റിസിന്റെ നടപടിയെയാണ് ജഡ്ജിമാര്‍ മുഖ്യമായും വിമര്‍ശിച്ചത്. വെള്ളിയാഴ്ച രാവിലെയും ചീഫ് ജസ്റ്റിസിനെ കണ്ട് ഇക്കാര്യം ചൂണ്ടിക്കാട്ടിയെങ്കിലും ഫലമുണ്ടായില്ലെന്നും അതുകൊണ്ടാണ് കോടതി നിര്‍ത്തിവെച്ച്‌ മാധ്യമങ്ങളെ കാണുന്നതെന്ന് ജസ്റ്റിസ് ചെലമേശ്വര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞിരുന്നു. വിവിധ വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി നാലു ജഡ്ജിമാരും ചേര്‍ന്ന് ചീഫ് ജസ്റ്റിസിനെഴുതിയ ഏഴ് പേജുള്ള കത്തും അന്ന് പുറത്തുവിട്ടിരുന്നു.

ജഡ്ജിമാരുള്‍പ്പെട്ട അഴിമതിക്കേസില്‍ ജസ്റ്റിസ് ചെലമേശ്വര്‍ അധ്യക്ഷനായ രണ്ടംഗ ബെഞ്ചിന്റെ ഉത്തരവ് മറികടക്കാന്‍ ചീഫ് ജസ്റ്റിസ് തിടുക്കത്തില്‍ അഞ്ചംഗ ബെഞ്ച് വിളിച്ചുചേര്‍ത്തത് അടുത്തിടെ വിവാദമായിരുന്നു. ബെഞ്ച് രൂപവത്കരിക്കാന്‍ ചീഫ് ജസ്റ്റിസിന് മാത്രമാണ് അധികാരമെന്നും ഭരണഘടനാ ബെഞ്ച് ഉത്തരവിറക്കുകയുമുണ്ടായി. ഇതിന്റെയെല്ലാം പശ്ചാത്തലത്തിലായിരുന്നു ജഡ്ജിമാരുടെ പ്രതിഷേധം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *