നാലാം ഏകദിനം ; ഇന്ത്യന്‍ താരങ്ങളെ കാത്തിരിക്കുന്നത് അപൂര്‍വ്വ റെക്കോര്‍ഡുകള്‍


വെസ്റ്റിന്‍ഡീസിനെതിരെ പരമ്പര വിജയത്തിനരികെ നില്‍ക്കുന്ന ഇന്ത്യന്‍ ടീം അംഗങ്ങളെ കാത്തിരിക്കുന്നത് അപൂര്‍വ്വ നേട്ടങ്ങള്‍. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര 2-0ത്തിന് മുന്നിലാണിപ്പോള്‍ ടീം ഇന്ത്യ. മത്സരം വിജയിക്കുകയാണെങ്കില്‍ വെസറ്റിന്‍ഡീസില്‍ വീണ്ടുമൊരു പരമ്പര നേട്ടം എന്ന പൊന്‍തൂവല്‍ വിരാടും സംഘവും സ്വന്തമാക്കും.
ഇന്ത്യന്‍ താരങ്ങളെ കാത്തിരിക്കുന്ന നേട്ടങ്ങള്‍
* ഈ പരമ്പരയില്‍ ഇതുവരെ ഏറ്റവും അധികം റണ്‍സ് കണ്ടെത്തിയിട്ടുളളത് അജിന്‍ക്യ രഹാനയാണ്. 237 റണ്‍സാണ് രഹാന നേടിയിട്ടുളളത്. വിന്‍ഡീസിനെതിരെ ഏകദിന പരമ്പരയില്‍ ഏറ്റവും അധികം റണ്‍സ് നേടിയ താരം എന്ന റെക്കോര്‍ഡ് സ്വന്തമാക്കാന്‍ രഹാനയ്ക്ക് 21 റണ്‍സ് കൂടി മതി. രോഹിത്ത് ശര്‍മ്മയുടെ പേരിലാണ് ഇപ്പോള്‍ ഈ റെക്കോര്‍ഡ്. 2011ലെ വിന്‍ഡീസ് പര്യടനത്തില്‍ 257 റണ്‍സാണ് രോഹിത്ത് അടിച്ച് കൂട്ടിയത്. 2006ല്‍ സെവാഗ് സ്വന്തമാക്കിയ 237 റണ്‍സ് എന്ന റെക്കോര്‍ഡാണ് അന്ന് രോഹിത്ത് മറികടന്നത്.
* വിന്‍ഡീസിനെതിരെ നാലാം ഏകദിനത്തില്‍ 31 റണ്‍സ് കൂടി ചേര്‍ത്താല്‍ രഹാനയെ കാത്തിരിക്കുന്നത് മറ്റൊരു അപൂര്‍വ്വ നേട്ടം. ലിസ്റ്റ് എ ക്രിക്കറ്റില്‍ 5000 റണ്‍സ് തികക്കുന്ന താരം എന്ന റെക്കോര്‍ഡാണ് രഹാന സ്വന്തമാക്കുക.
* മത്സരത്തില്‍ 21 റണ്‍സെടുത്താല്‍ വെസ്റ്റിന്‍ഡീസിനെതിരെ 1000 റണ്‍സ് തികക്കുന്ന താരം എന്ന നേട്ടം യുവരാജ് സിംഗ് സ്വന്തമാക്കും. അങ്ങനെയെങ്കില്‍ ഈ നേട്ടം സ്വന്തമാക്കുന്ന അഞ്ചാമത്തെ താരമായി മാറും യുവരാജ്.
* മത്സരത്തില്‍ നാല് വിക്കറ്റെടുത്താല്‍ ഇന്ത്യന്‍ പേസ് ബൗളര്‍ ഭുവനേശ്വര്‍ കുമാറിനും ലഭിക്കും മറ്റൊരു നേട്ടം. വിദേശത്ത് 50 വിക്കറ്റ് തികച്ച താരം എന്ന റെക്കോര്‍ഡാണ് ഭുവനേശ്വര്‍ സ്വന്തമാക്കുക.
* ഒരു നോട്ടൗട്ട് അര്‍ധ സെഞ്ച്വറി കൂടി കണ്ടെത്തിയാല്‍ ഏകദിനത്തില്‍ ഏറ്റവും അധികം പുറത്താകാതെ അര്‍ധ സെഞ്ച്വറി നേടിയ രണ്ടാമത്തെ താരം എന്ന നേട്ടം ധോണി സ്വന്തമാക്കും. 32 നോട്ടൗട്ട് അര്‍ധ സെഞ്ച്വറിയാണ് ധോണി ഇതുവരെ നേടിയിട്ടുളളത്. ഇന്‍സമാമിനെയാണ് ധോണി ഇക്കാര്യത്തില്‍ മറികടക്കുക. 36 നോട്ടൗട്ട് അര്‍ധ സെഞ്ച്വറി നേടിയിട്ടുളള ജാക്വസ് കല്ലിസ് ആണ് ധോണിയ്ക്ക് മുന്നിലുളള ഏകതാരം.




Sharing is Caring