ന്യൂഡല്‍ഹി: തെരുവുനായയുടെ കടി മൂലമുള്ള പേവിഷബാധയേറ്റ് നിരവധി കുട്ടികളാണ് മരിക്കുന്നതെന്ന് ഡല്‍ഹി സര്‍ക്കാര്‍ സുപ്രീം കോടതി യില്‍. അതിനാല്‍ തെരുവുനായ ശല്യം പരിഹരിക്കപ്പെടേണ്ടതുണ്ട്. തങ്ങളാരും മൃഗവിരോധികളല്ല. അതേസമയം തെരുവുനായകളെ പിടികൂടി കൂട്ടിലടയ്ക്കണമെന്ന സുപ്രീംകോടതി വിധിയില്‍ എതിര്‍ക്കാനായി എന്താണുള്ളതെന്ന് ഡല്‍ഹി സര്‍ക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞു.
തെരുവുനായകളെ വന്ധ്യംകരിക്കുന്ന നടപടികള്‍ സ്വീകരിച്ചിട്ടും പ്രത്യുത്പാദനം വര്‍ധിക്കുന്നത് തടയാനാകുന്നില്ല. അവയ്ക്ക് പ്രതിരോധ കുത്തിവെയ്പ് നടത്തുന്നതുകൊണ്ട് പേവിഷബാധ മൂലമുള്ള പ്രശ്‌നങ്ങള്‍ അവസാനിക്കുന്നില്ല. 2024 ല്‍ രാജ്യത്ത് 37 ലക്ഷം പേര്‍ക്ക് തെരുവുനായകളുടെ കടിയേറ്റതായാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം 305 പേവിഷബാധ മരണങ്ങളാണ് ഉണ്ടായതെന്നും തുഷാര്‍ മേത്ത കോടതിയില്‍ പറഞ്ഞു.

തെരുവുനായകള്‍ മൂലം കുട്ടികള്‍ക്ക് പൊതുസ്ഥലത്ത് കളിക്കാന്‍ പോലുമാകുന്നില്ല. കോടതി ഇതിന് പരിഹാരം കാണണമെന്നും സോളിസിറ്റര്‍ ജനറല്‍ കോടതിയില്‍ ആവശ്യപ്പെട്ടു. അതേസമയം ഡല്‍ഹിയിലെയും പരിസര മേഖലകളിലെയും തെരുവുനായകളെ പൂര്‍ണമായി പിടികൂടി ഷെല്‍റ്ററുകളിലാക്കണമെന്ന സുപ്രീംകോടതി രണ്ടംഗ ബെഞ്ചിന്റെ ഉത്തരവിനെ മുതിര്‍ന്ന അഭിഭാഷകനായ കപില്‍ സിബല്‍ എതിര്‍ത്തു. ഗുരുതരമായ വിഷയമാണിത്. കേസ് വിശദമായി പരിഗണിക്കേണ്ടതുണ്ട്. അതുവരെ സുപ്രീംകോടതി വിധി സ്‌റ്റേ ചെയ്യണമെന്നും സന്നദ്ധ സംഘടനയ്ക്കു വേണ്ടി ഹാജരായ സിബല്‍ ആവശ്യപ്പെട്ടു.













