നാദിര്‍ഷാ സത്യം പറയണം

കൊച്ചിയില്‍ പ്രമുഖ നടിയെ ആക്രമിച്ച കേസില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ സത്യം മാത്രമെ പറയാവുവെന്ന് ഹൈക്കോടതി. മൊഴി സത്യസന്ധമല്ലെങ്കില്‍ അക്കാര്യം അന്വേഷണ സംഘം കോടതിയെ അറിയിക്കണമെന്നും ഉത്തരവില്‍ പറയുന്നുണ്ട്. കേസില്‍ നാദിര്‍ഷായുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് കോടതി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

നാദിര്‍ഷായുടെ മൊഴിയുടെ റിപ്പോര്‍ട്ട് തിങ്കളാഴ്ച മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നനതിനൊപ്പം പരിശോധിക്കുമെന്നും കോടതി ഉത്തരവില്‍ പറയുന്നുണ്ട്. അതേസമയം, ബുധനാഴ്ച അന്വേഷണ സംഘത്തെ രൂക്ഷമായി വിമര്‍ശിച്ച കോടതിയുടെ പരാമര്‍ശങ്ങള്‍ ഉത്തരവില്‍ രേഖപ്പെടുത്തിയിട്ടില്ല. അന്വേഷണം രണ്ടാഴ്ചക്കകം പൂര്‍ത്തിയാകുമെന്ന ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ ഉറപ്പും ഉത്തരവില്‍ ഇല്ല.

ബുധനാഴ്ച നാദിര്‍ഷായുടെ ഹര്‍ജി പരിഗണിക്കവെയാണ് രൂക്ഷമായ വിമര്‍ശനങ്ങള്‍ കോടതിയുടെ ഭാഗത്തുനിന്നുണ്ടായത്. കേസിലെ അന്വേഷണം തിരക്കഥയാണോയെന്നും കേസ് അന്വേഷണം അനന്തമായി നീട്ടിക്കൊണ്ടു പോകാനാണോ ഉദ്ദേശമെന്നും ഹൈക്കോടതി ചോദിച്ചിരുന്നു.

ഓരോ മാസവും ഓരോ പ്രതികളെ ചോദ്യം ചെയ്യുകയാണോയെന്നും കേസന്വേഷണം എന്ന് തീരുമെന്നും ചോദിച്ച കോടതി ആരെയെങ്കിലും തൃപ്തിപ്പെടുത്താന്‍ വേണ്ടിയാണോ കുറ്റപത്രം സമര്‍പ്പിച്ച കേസിലെ പ്രതിയായ പള്‍സര്‍സുനിയെ ചോദ്യം ചെയ്യുന്നതെന്നുള്ള സംശയവും പ്രകടിപ്പിച്ചിരുന്നു.

വാക്കാലുള്ള ഈ പരാമര്‍ശങ്ങളാണ് ഉത്തരവില്‍ നിന്ന് ഓഴിവാക്കിയിരിക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *