നാദാപുരം അസ്ലം വധക്കേസ്: പ്രതി പോലീസില്‍ കീഴടങ്ങി


തൂണേരിയില്‍ കൊല്ലപ്പെട്ട യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ കാളിപറമ്ബത്ത് അസ്ലമിനെ വധിച്ചകേസിലെ പ്രതി സുമോഹന്‍ പോലീസില്‍ കീഴടങ്ങി. തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം കോടതിയില്‍ കീഴടങ്ങാനെത്തിയ ഇയാളെ നാദാപുരം സി.ഐ ഓഫീസിലേക്ക് വിളിച്ച്‌ വരുത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.


വളയം സ്വദേശിയായ സുമോഹന്‍ ഈയടുത്തായി തന്റെ പുതിയ വീടിന്റെ പ്രവേശന കര്‍മത്തിന് എത്തിയിട്ടും പോലീസ് അറസ്റ്റ് ചെയ്യാത്തത് ഏറെ വിവാദമുണ്ടാക്കിയിരുന്നു. ആറ് മാസത്തോളമായി ഇയാള്‍ നാട്ടിലുണ്ടായിരുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു.


സുമോഹന് വേണ്ടി പോലീസ് ലുക്കൗട്ട് നോട്ടീസും ഇറക്കിയിരുന്നു. ഇയാളെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച്‌ കഴിഞ്ഞ ദിവസം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ നാദാപുരം പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച്‌ നടത്തിയിരുന്നു. അറസ്റ്റ് ചെയ്യാത്തത് സി.പി.എം നേതൃത്വവുമായുള്ള ഒത്തുകളിയുടെ ഭാഗമാണെന്നും ആരോപിച്ചിരുന്നു. ഇതിനിടെയാണ് സുമോഹന്റെ കീഴടങ്ങല്‍.

2016-ആഗസ്തിലായിരുന്നു തൂണേരിയിലെ യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ കാളിപറമ്ബത്ത് അസ്ലം കൊല്ലപ്പെട്ടത്. ഇതിന് ശേഷം സുമോഹന്‍ വിദേശത്തേക്ക് കടക്കുകയും പിന്നീട് നേപ്പാള്‍ വഴി നാട്ടിലെത്തുകയും ചെയ്തുവെന്നാണ് പോലീസിന് ലഭിച്ചിരുന്ന വിവരം. അതിനിടെ ഇയാള്‍ ഗൃഹപ്രവേശനത്തിനും പങ്കെടുത്തു. സി.പി.എം പ്രവര്‍ത്തകനായ ഷിബിന്‍ വധക്കേസില്‍ കോടതി വെറുതെ വിട്ടയാളായിരുന്നു കൊല്ലപ്പെട്ട അസ്ലം.



Sharing is Caring