നാഡ ചുഴലിക്കാറ്റ് തമിഴ്‌നാട് തീരത്തേക്ക്


ചെന്നൈ: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട നാഡ ചുഴലിക്കാറ്റ് തമിഴ്‌നാട് തീരത്തേക്കു നീങ്ങുന്നതായി കാലാവസ്ഥാ നിരീക്ഷണവകുപ്പ്. വെള്ളിയാഴ്ചയോടെ ചുഴലിക്കാറ്റ് തമിഴ്‌നാട് വേദാരണ്യത്തിനും ചെന്നൈക്കും ഇടയിലുള്ള തീരത്തെത്തുമെന്നാണ് മുന്നറിയിപ്പ്.


ചുഴലിക്കാറ്റിനു മുന്നോടിയായി അടുത്ത 48 മണിക്കൂറിനകം ചെന്നൈ ഉള്‍പ്പെടെയുള്ള തീരങ്ങളിലും കേരളത്തിലും കനത്ത മഴയുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. ബംഗാള്‍ ഉള്‍ക്കടലിലെ തെക്കുകിഴക്ക് ഭാഗങ്ങളില്‍ ന്യൂനമര്‍ദം രൂപം കൊണ്ടതായും സ്വകാര്യ കാലാവസ്ഥാ നിരീക്ഷണ വെബ്‌സൈറ്റ് ആയ സ്കൈമെറ്റ് വെതര്‍ റിപ്പോര്‍ട്ട് ചെയ്തത്.


ചുഴലിക്കാറ്റ് ചെന്നൈക്ക് 1070 കി.മീറ്റര്‍ കിഴക്ക്-തെക്കുകിഴക്ക് ഭാഗങ്ങളിലും പുതുച്ചേരിയില്‍ 1030 കി.മീറ്റര്‍ കിഴക്ക്-തെക്കുകിഴക്ക് ഭാഗങ്ങളിലും ശ്രീലങ്കയിലെ ട്രിങ്കോമാലിയില്‍ 720 കി.മീറ്റര്‍ ഭാഗങ്ങളിലും വീശിയടിക്കാന്‍ സാധ്യതയുണ്ട്.

ചെന്നൈക്ക് തെക്കുകിഴക്കായി 770 കിലോമീറ്റര്‍ അകലെ രൂപം കൊണ്ട ചുഴലിക്കാറ്റ് മണിക്കൂറില്‍ 55 കിലോമീറ്റര്‍ വേഗതയിലാണ് തീരത്തേക്ക് അടുക്കുന്നത്. തീരത്തടുക്കുന്നതോടെ കാറ്റിന്റെ വേഗത മണിക്കൂറില്‍ 55 മുതല്‍ 65 കി.മീറ്റര്‍ വരെ ഉയരുമെന്നും കാലാവസ്ഥാവകുപ്പ് പറയുന്നു. വേദാരണ്യത്തിനും പുതുച്ചേരിക്കും ഇടയിലുള്ള തീരമേഖലകളിലാകും ചുഴലിക്കാറ്റ് ആഞ്ഞടിക്കുകയെന്നും സ്‌കൈമെറ്റ് വെതര്‍ പറയുന്നു. ഒമാനാണ് ചുഴലിക്കാറ്റിന് നാഡ എന്ന പേരിട്ടത്.



Sharing is Caring