നാടുകടത്താന്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ കത്ത്; ഫൈസല്‍ ഫാരിദിനെതിരെ ഇന്റര്‍പോളിന്റെ ലുക്കൗട്ട് നോട്ടീസ്


കൊച്ചി: ഇന്ത്യ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി ഫൈസല്‍ ഫാരിദിനെതിരെ ഇന്റര്‍പോളിന്റെ ലുക്കൗട്ട് നോട്ടീസ്. ഏത് വിമാനത്താവളം വഴി വന്നാലും കുടുക്കും. സ്വര്‍ണ്ണക്കടത്തിന്റെ പ്രധാനകണ്ണിയെന്ന് അന്വേഷണ സംഘം കണ്ടെത്തിയതോടെ ഫൈസലിനെ നാടുകടത്തണം എന്നാവശ്യപ്പെട്ട് വിദേശകാര്യമന്ത്രാലയം യുഎഇ ഭരണകൂടത്തിന് ഔദ്യോഗികമായി കത്തും നല്‍കിയിട്ടുണ്ട്.


നിലവില്‍ ഒളിവിലാണ് ഫൈസല്‍. നേരത്തെ യുഎഇ നയതന്ത്രാലയം വഴിയുള്ള സ്വര്‍ണ്ണക്കടത്തിന്റെ പ്രധാനകണ്ണിയെന്ന് അന്വേഷണ സംഘം കണ്ടെത്തിയതിന് പിന്നാലെ ഒരു സുഹൃത്തിനെ ഉപയോഗിച്ച്‌ ഇയാള്‍ എവിടെയാണെന്ന് കസ്റ്റംസ് കണ്ടെത്തിയിരുന്നു. എന്നാല്‍ സ്വര്‍ണ്ണക്കടത്തുമായി ബന്ധമില്ലെന്ന് പറഞ്ഞ് ഫൈസല്‍ തന്നെ മാധ്യമങ്ങള്‍ക്ക് മുന്നിലെത്തി. തന്റെ ചിത്രങ്ങള്‍ ദുരുപയോഗം ചെയ്യുന്നതിനെതിരെ കേസ് നല്‍കുമെന്നും പറഞ്ഞു. എന്നാല്‍ വിദേശകാര്യ മന്ത്രാലയം യുഎഇ യ്ക്ക് കത്ത് നല്‍കിയതോടെ ഇയാള്‍ ഒളിവില്‍ പോയി.


ഫൈസലിന്റെ ബാങ്ക് രേഖകളുമായി ബന്ധപ്പെട്ട പരിശോധനകള്‍ ഇന്ന് നടത്തും. ഇന്നലെ ഫൈസലിന്റെ തൃശ്ശൂരിലെ വീട്ടില്‍ നിന്നും കസ്റ്റംസ് മൂന്ന് ബാങ്ക് പാസ് ബുക്കുകളും ലാപ്ടോപ്പും പിടിച്ചെടുത്തിരുന്നു. ഒന്നര വര്‍ഷമായി പൂട്ടിക്കിടക്കുന്ന വീട്ടിലാണ് കസ്റ്റംസ് റെയ്ഡ് നടത്തിയത്. കയ്പമംഗലം മൂന്നുപീടിക പുത്തന്‍പള്ളി എം.ഐ.സിയ്ക്ക് സമീപം അടഞ്ഞു കിടന്ന വീട്ടിലാണ് എറണാകുളത്ത് നിന്നെത്തിയ കസ്റ്റംസ് സംഘം പരിശോധന നടത്തിയത്. കയ്പമംഗലം വില്ലേജ് ഓഫീസര്‍ മറിയത്തിന്റെ സാന്നിധ്യത്തിലായിരുന്നു റെയ്ഡ്.

ഉച്ചയ്ക്ക് ഒന്നരയോടെ തുടങ്ങിയ പരിശോധന അഞ്ചരക്കാണ് അവസാനിച്ചത്. നാലു മണിക്കൂര്‍ നീണ്ടുനിന്ന പരിശോധനയില്‍ കമ്ബ്യൂട്ടറും രേഖകളും പിടിച്ചെടുത്തു. ഉച്ചയോടെ എത്തിയ കസ്റ്റംസ് സീല്‍ വെച്ച്‌ മടങ്ങാന്‍ തുടങ്ങുന്നതിനിടെ ബന്ധുവില്‍ നിന്നും താക്കോല്‍ കിട്ടുകയായിരുന്നു. സമീപത്ത് താമസിക്കുന്ന അമ്മാവന്റെ കയ്യില്‍നിന്നുമാണ് താക്കോല്‍ വാങ്ങിയത്. പോലീസിനെ അറിയിക്കാതെയാണ് അഞ്ചംഗ കസ്റ്റംസ് സംഘം പരിശോധനക്കെത്തിയത്. നാട്ടിലായിരുന്ന പിതാവിനെ ദുബായിലേക്ക് കൊണ്ടുപോകാന്‍ ഒന്നരവര്‍ഷം മുമ്ബാണ് ഫൈസല്‍ അവസാനമായി നാട്ടിലെത്തിയത്. അസുഖബാധിതനായ പിതാവിനേയും ഒപ്പം കൂട്ടിയാണ് അന്ന് വിദേശത്തേക്ക് മടങ്ങിയത്.



Sharing is Caring