കോവാക്സിനില്‍ പ്രതീക്ഷയര്‍പ്പിച്ച്‌ രാജ്യം, 375 പേരില്‍ ആദ്യഘട്ട പരീക്ഷണം ആരംഭിച്ചതായി റിപ്പോര്‍ട്ട്


ന്യൂഡല്‍ഹി: ഇന്ത്യയിലെ ആദ്യ തദ്ദേശീയ കൊവിഡ് വാക്സിന്‍ വികസിപ്പിച്ച ഭാരത് ബയോടെക് ഇന്റര്‍നാഷണല്‍ ലിമിറ്റഡ് 375 പേരില്‍ ആദ്യഘട്ട പരിശോധന ആരംഭിച്ചതായി റിപ്പോര്‍ട്ട്. ജൂലായ് 15ന് കോവാക്സിന്‍ മനുഷ്യരില്‍ പരീക്ഷണം തുടങ്ങിയതായി ഭാരത് ബയോടെക് അറിയിച്ചതായി ഒരു ദേശീയ മാദ്ധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.


ഹൈദരാബാദ് ആസ്ഥാനമായുള്ള ഫാര്‍മസ്യൂട്ടിക്കല്‍ കമ്ബനിയും, ഇന്ത്യന്‍ കൗണ്‍സില്‍ ഒഫ് മെഡിക്കല്‍ റിസര്‍ച്ചും (ഐ.സി.എം.ആര്‍), നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഒഫ് വൈറോളജിയും (എന്‍.ഐ.വി) സംയുക്തമായിട്ടാണ് വാക്സിന്‍ വികസിപ്പിച്ചെടുത്തത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പന്ത്രണ്ട് ആശുപത്രികളിലാണ് പരീക്ഷണം നടത്തുന്നത്.
പരീക്ഷണത്തിന്റെ ആദ്യ ഘട്ടത്തില്‍, വാക്സിനേഷന്‍ നല്‍കിയ ആളുകള്‍ക്ക് എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ ഉണ്ടോയെന്ന് പരിശോധിക്കുന്നു. രണ്ടാം ഘട്ടത്തില്‍ കൊവിഡിനെതിരെ വാക്സിന്‍ പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന വിലയിരുത്തും. മൃഗങ്ങളില്‍ വിജയകരമായി പരീക്ഷണം നടത്തിയെന്ന് നേരത്തെ അധികൃതര്‍ അറിയിച്ചിരുന്നു. വാക്സിന്റെ സുരക്ഷയെക്കുറിച്ചും ഉത്പാദിപ്പിക്കുന്ന ആന്റി ബോഡികളെക്കുറിച്ചുമുളള അന്തിമ വിലയിരുത്തല്‍ സുരക്ഷാ ബോര്‍ഡ് നടത്തുമെന്നും അധികൃതര്‍ വ്യക്തമാക്കി.




Sharing is Caring