നാടന്‍ കോഴിക്കറി തയ്യാറാക്കാം

ഉച്ചയൂണിന് സമയമായി എങ്കില്‍ അല്‍പം നാടന്‍ പാചകത്തിലേക്ക് പോവാം. ഇന്നത്തെ കാലത്ത് ഒരിക്കലും ഒഴിച്ച് കൂടാന്‍ പറ്റാത്ത ഒന്നാണ് ചിക്കന്‍ വിഭവങ്ങള്‍. എന്നാല്‍ എത്രയൊക്കെ മോഡേണ്‍ വിഭവങ്ങളുടെ പുറകേ പോയാലും നാടന് വിഭവങ്ങള്‍ക്ക് പ്രത്യേക പ്രാധാന്യം തന്നെ ഉണ്ടായിരിക്കും.
പഴമയുടെ ആ പുതു രുചിയാണ് പലപ്പോഴും നമ്മുടെ അടുക്കളകളെ സമ്പന്നമാക്കുന്നതും. ഇത്തരത്തില്‍ നിങ്ങള്‍ക്കിഷ്ടപ്പെട്ട നാടന്‍ കോഴിക്കറി തയ്യാറാക്കാം. അതിനായി എന്തൊക്കെ ചെയ്യണം എന്ന് നോക്കാം. നല്ല കപ്പയും നാടന്‍ കോഴിക്കറിയും എന്നും നിങ്ങളുടെ നാവില്‍ രുചിയുണര്‍ത്തും.
ആവശ്യമുള്ള സാധനങ്ങള്‍
ചിക്കന്‍ ചെറിയ കഷ്ണങ്ങളാക്കിയത്- 300 ഗ്രാം
ചെറിയ ഉള്ളി നീളത്തില്‍ അരിഞ്ഞത്- 250 ഗ്രാം
ഇഞ്ചി- വലിയ കഷ്ണം
വെളുത്തുള്ളി- 5 അല്ലി
പച്ചമുളക്- 2 എണ്ണം
കറിവേപ്പില-ആവശ്യത്തിന്
മുളക് പൊടി- ഒന്നര ടേബിള്‍ സ്പൂണ്‍
മല്ലിപ്പൊടി- ഒരു ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍പ്പൊടി- അര ടീസ്പൂണ്‍
ഗരം മസാല- ഒരു ടാസ്പൂണ്‍
ഉപ്പ്- ആവശ്യത്തിന്
തേങ്ങ വറുത്തത്- അരക്കപ്പ്
തയ്യാറാക്കുന്ന വിധം
ചിക്കനില്‍ പുരട്ടാനുള്ള മസാലകള്‍ ഒരു ചെറിയ കഷ്ണം ഇഞ്ചി, മൂന്ന് അല്ലി വെളുത്തുള്ളി ചതച്ചത്, ഉപ്പ് ആവശ്യത്തിന്, അര ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി, ഒരു ടേബിള്‍ സ്പൂണ്‍ മുളക് പൊടി, അര ടീസ്പൂണ്‍ കുരുമുളക് പൊടി, അല്‍പം ഗരം മസാല ഇവയെല്ലാം കൂടി ചിക്കനില്‍ നല്ലതു പോലെ ചേര്‍ത്ത് പുരട്ടി മാറ്റി വെയ്ക്കുക.
ചട്ടിയില്‍ ഒരു ടേബിള്‍ സ്പൂണ്‍ എണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ ഒരു ടീസ്പൂണ്‍ കടുക്, ഉണക്കമുളക്, കറിവേപ്പില, ഇഞ്ചി, വെളുത്തുള്ളി ചതച്ചത്, പച്ചമുളക് കീറിയത് എന്നിവ ചേര്‍ത്ത് വഴറ്റാം. ഇതിലേക്ക് ഉള്ളി അരിഞ്ഞത് ചേര്‍ക്കാം. ശേഷം കുഴമ്പ് രൂപത്തിലാകുമ്പോള്‍ മസാല ചേര്‍ക്കാം.
ശേഷം വേറൊരു പാത്രത്തില്‍ ചിക്കന്‍ തയ്യാറാക്കാം. മസാല പുരട്ടിയ ചിക്കന്‍ അല്‍പം എണ്ണ ഒഴിച്ച് വേവിച്ചെടുക്കാം. ചിക്കന്‍ വെന്തു കഴിയുമ്പോള്‍ അല്‍പം വെള്ളം ആവശ്യമുണ്ടെങ്കില്‍ ചേര്‍ക്കാം. ഇതിലേക്ക് തേങ്ങ വറുത്തരച്ചതും ചേര്‍ക്കാം. അല്‍പസമയത്തിനു ശേഷം ചിക്കന്‍ കറി തയ്യാര്‍.

Spread the love

Leave a Reply

Your email address will not be published. Required fields are marked *