നെയ്യാറ്റിന്‍കര: ആംബുലന്‍സില്‍ നഷ്ടപ്പെട്ട പണം ഉടമയെ കണ്ടുപിടിച്ച് മടക്കി നല്‍കി ഡ്രൈവറുടെ മാതൃക. റെഡ്‌ക്രോസ് ആംബുലന്‍സിന്റെ ഡ്രൈവര്‍ അരുണ്‍കൃഷ്ണയാണ് പണം തിരികെ നല്‍കി ധാര്‍മികത പാലിച്ചത് .നവംബര്‍ 26-നായിരുന്നു സംഭവം. അരുണിന്റെ ആംബുലന്‍സില്‍ പെരുമ്ബഴുതൂര്‍ പഴിഞ്ഞിക്കുഴി സുനിതഭവനില്‍ കെ.കൃഷ്ണനെ ആശുപത്രിയിലേക്കു കൊണ്ടുപോയി. ഇദ്ദേഹത്തിന്റെ പോക്കറ്റില്‍ ഉണ്ടായിരുന്ന 8500 രൂപ മരണവെപ്രാളത്തിനിടയില്‍ താഴേക്കു വീണു.
എന്നാല്‍ കൃഷ്ണനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ നഷ്ടപ്പെട്ടിരുന്നു . ആശുപത്രിയിലെത്തിച്ചശേഷം അരുണ്‍ തിരികെ മടങ്ങുകയും ചെയ്തു. പിന്നീട് ആംബുലന്‍സ് തുറന്നുനോക്കുമ്ബോഴാണ് പണം കിടക്കുന്നത് കണ്ടത്. പണം നെയ്യാറ്റിന്‍കര പോലീസ് സ്റ്റേഷനില്‍ ഏല്‍പ്പിച്ചു. ശേഷം ഉടമസ്ഥനെ അന്വേഷിച്ചപ്പോള്‍ അവസാനം മരിച്ച കൃഷ്ണന്റെ ബന്ധുക്കളെ കണ്ടെത്തി. പണം നെയ്യാറ്റിന്‍കര എസ്.ഐ. ടി.പി.സെന്തില്‍കുമാറിന്റെ സാന്നിധ്യത്തില്‍ കൃഷ്ണന്റെ മകന്‍ ബിജുവിനു കൈമാറി.













