കൊച്ചി: മാര്‍ച്ച് ആറു മുതല്‍ നടത്താനിരുന്ന കൂട്ട അവധി സമരം നഴ്സുമാര്‍ പിന്‍വലിച്ചു. ശമ്ബള പരിഷ്ക്കരണം ഉള്‍പടെയുള്ള കാര്യങ്ങളില്‍ മുഖ്യമന്ത്രിയുടെ ഒാഫീസില്‍ നിന്ന് ഉറപ്പു ലഭിച്ച സാഹചര്യത്തിലാണ് സമരം പിന്‍വലിക്കുന്നതെന്ന് യുനൈറ്റഡ് നഴ്സസ് അസോസിയേഷന് (യു.എന്‍.എ) അറിയിച്ചു. അതേസമയം, ചേര്‍ത്തല കെ.വി.എം ആശുപത്രിയിലെ സമരം തുടരുമെന്ന് നേതാക്കള്‍ മാധ്യമങ്ങളെ അറിയിച്ചു.
സമരം ഒത്തുതീര്‍പ്പിലാക്കാന്‍ നഴ്സുമാരുടെ സംഘടന, മാനേജ്‍മെന്‍റ് പ്രതിനിധികള്‍ എന്നിവരുമായി ഹൈകോടതിയുടെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ച നടത്തിയിരുന്നു. മുഖ്യമന്ത്രിയും ആരോഗ്യ മന്ത്രിയും വിളിച്ചതായി യുനൈറ്റഡ് നഴ്സസ് അസോസിയേഷന് (യു.എന്‍.എ) നേതാവ് ജാസ്മിന്‍ ഷാ മാധ്യമങ്ങളോട് പറഞ്ഞു. വിഷയത്തില്‍ സര്‍ക്കാറിന്‍റെ ഇടപെടലില്‍ തൃപ്തിയുണ്ട്. ശമ്ബള പരിഷ്ക്കരണം ഉള്‍പടെയുള്ള കാര്യങ്ങളില്‍ അനുകൂല നിലപാട് പ്രതീക്ഷിക്കുന്നു. ഉചിതമായ തീരുമാനം വൈകാതെ കൈക്കൊള്ളുമെന്നും ജാസ്മിന്‍ ഷാ വ്യക്തമാക്കി.

മാര്‍ച്ച് അഞ്ചു മുതല്‍ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്ന് നേരത്തേ പ്രഖ്യാപിച്ചിരുന്നെങ്കിലും ഹൈകോടതി ഇടപെട്ട് താല്കാലികമായി വിലക്കിയിരുന്നു. തുടര്‍ന്ന് ആറു മുതല്‍ അവധിയെടുത്ത് പ്രതിഷേധിക്കാന്‍ യുനൈറ്റഡ് നഴ്സസ് അസോസിയേഷന് (യു.എന്‍.എ) തീരുമാനിച്ചത്.
ചേര്‍ത്തല കെ.വി.എം ആശുപത്രിയിലെ സമരം ഒത്തുതീര്‍പ്പാക്കുക, ശമ്ബളപരിഷ്കരണം അടിയന്തരമായി നടപ്പാക്കുക, അടിസ്ഥാനശമ്ബളം 20,000 രൂപയാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ പരിഹരിക്കാന്‍ മാനേജ്മെന്‍റ് തയാറാകാത്ത സാഹചര്യത്തിലാണ് നഴ്സുമാര്‍ സംസ്ഥാന വ്യാപക പണിമുടക്ക് പ്രഖ്യാപിച്ചത്.













