നര്‍സിങ് ഉള്‍പ്പെട്ട ഉത്തേജകവിവാദം സിബിഐ അന്വേഷിക്കും


ഇന്ത്യന്‍ ഗുസ്തി താരം നര്‍സിങ് യാദവ് ഉത്തേജകം ഉപയോഗിച്ചുവെന്ന കേസ് സിബിഐ അന്വേഷിക്കും. നര്‍സിങ്ങിന്റെയും ഗുസ്തി ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെയും അപേക്ഷ പരിഗണിച്ച് പ്രധാനമന്ത്രിയുടെ ഓഫീസാണ് കേസ് സിബിഐ അന്വേഷണത്തിന് വിട്ടത്.


ഉത്തേജക വിവാദത്തിന് പിന്നിലെ ഗൂഢാലോചന പുറത്തു കൊണ്ടുവരേണ്ടത് അത്യാവശ്യമായതുകൊണ്ട് കഴിഞ്ഞ മാസം 28ന് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് താന്‍ പ്രധാനമന്ത്രിയെ കണ്ടിരുന്നതായും ഇപ്പോള്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഇതില്‍ ഉചിതമായ നടപടി എടുത്തതില്‍ സന്തോഷമുണ്ടെന്നും ഗുസ്തി ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ ചീഫ് ബ്രിജ്ഭൂഷണ്‍ ശരണ്‍ സിങ്ങ് വ്യക്തമാക്കി.


റിയോ ഒളിമ്പിക്‌സിന് തൊട്ടുമുമ്പായാണ് നര്‍സിങ് ഉത്തേജകം ഉപയോഗിച്ചതായി തെളിഞ്ഞത്. ഇതോടെ താരത്തിന്റെ ഒളിമ്പിക്‌സ് പങ്കാളിത്തം സംശയത്തിലായി. എന്നാല്‍ തനിക്ക് ഭക്ഷണത്തില്‍ ഉത്തേജകം കലര്‍ത്തി തന്നതാണെന്നും ഇതിന് പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നുമുള്ള നര്‍സിങ്ങിന്റെ വാദം അംഗീകരിച്ച ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സി നര്‍സിങ്ങിനെ കുറ്റവിമുക്തനാക്കിയിരുന്നു.

തുടര്‍ന്ന് 74 കിലോ ഫ്രീസ്‌റ്റൈല്‍ ഗുസ്തിയില്‍ മത്സരിക്കാന്‍ റിയോയിലെത്തിയ നര്‍സിങ്ങിന്റെ മുന്നില്‍ രാജ്യാന്തര കായിക തര്‍ക്ക പരിഹാര കോടതി വിലങ്ങു തടിയായി നിന്നു. നര്‍സിങ്ങിനെ കുറ്റവിമുക്തനാക്കിയ നാഡയുടെ നടപടി ചോദ്യം ചെയ്ത് രാജ്യാന്തര ഉത്തേജകവിരുദ്ധ ഏജന്‍സി കായിക തര്‍ക്ക പരിഹാര കോടതിയെ സമീപിച്ചു. കോടതി നാഡയുടെ നടപടി റദ്ദാക്കിയതോടെ നര്‍സിങിന്റെ ഒളിമ്പിക്‌സ് സ്വപ്‌നം അവസാനിക്കുകയും ചെയ്തു. കൂടാതെ നാല് വര്‍ഷത്തെ വിലക്കും നര്‍സിങിന് ലഭിച്ചു.



Sharing is Caring