ന്യൂഡല്‍ഹി: വാരണാസിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരാജയപ്പെടുത്തുവാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിച്ചാല്‍ സാധിക്കുമെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി ബിജെപി.
മോദിയെക്കുറിച്ചോര്‍ത്ത് രാഹുല്‍ ഗാന്ധി ആകുലപ്പെടേണ്ടതില്ലെന്നും 2019ല്‍ സ്വന്തം മണ്ഡലങ്ങളായ അമേഠിയിലും, റായ്ബറേലിയിലും തോല്‍ക്കാതിരിക്കാന്‍ രാഹുലും സോണിയ ഗാന്ധിയും ശ്രദ്ധിക്കണമെന്നും ബിജെപി പറഞ്ഞു. ബിജെപി വക്താവ് അനില്‍ ബലുണിയാണ് രാഹുലിന് മറുപടിയുമായി രംഗത്ത് എത്തിയത്.

രാഹുല്‍ ഗാന്ധിയും, സോണിയ ഗാന്ധിയും അമേഠിയിലെയും റായ്ബറേലിയിലെയും ജനങ്ങള്‍ക്കുവേണ്ടി ഒന്നും തന്നെ ചെയ്തിട്ടില്ലെന്നും ജനങ്ങളില്‍ ഇത് നിരാശയുണ്ടാക്കിയെന്നും അനില്‍ ബലുണി പറയുന്നു. അതുകൊണ്ട് ഇരുവരും തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുമെന്നും അനില്‍ കൂട്ടിച്ചേര്‍ത്തു.













