ബോളിവുഡ് താരം സല്‍മാന്‍ ഖാന് സോഷ്യല്‍ മീഡിയയിലൂടെ വധഭീഷണി. ഗാരി ഷൂട്ടര്‍ എന്ന വ്യക്തിയാണ് സ്റ്റുഡന്റ് ഓര്‍ഗനൈസേഷന്‍ ഒഫ് പഞ്ചാബ് യൂണിവേഴ്സിറ്റി(സോപു) എന്ന ഫേസ്ബുക്ക് പേജില്‍ സെപ്തംബര്‍ 16ന് വധഭീഷണി മുഴക്കിക്കൊണ്ടുള്ള കുറിപ്പ് പോസ്റ്റ് ചെയ്തത്. പോസ്റ്റ് വൈറലായതോടെയാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്.
സല്‍മാന്‍, ഇന്ത്യന്‍ നിയമത്തില്‍ നിന്ന് നിങ്ങള്‍ രക്ഷപ്പെടുമായിരിക്കും. എന്നാല്‍ ബിഷ്ണോയ് സമാജും, സോപു പാര്‍ട്ടിയും നിങ്ങളെ വെറുതെ വിടില്ല. സോപുവിന്റെ കോടതിയില്‍ നിങ്ങള്‍ കുറ്റക്കാരനാണ്. പെണ്‍കുട്ടികളെ ബഹുമാനിക്കൂ, മൃഗങ്ങളെ സംരക്ഷിക്കൂ, മദ്യപാനം ഉപേക്ഷിക്കൂ, പാവങ്ങളെ സഹായിക്കൂ…’ഗാരി കുറിച്ചു.
സല്‍മാന്‍ഖാന്റെ ചിത്രത്തിനൊപ്പമാണ് ഹിന്ദിയിലുള്ള ഭീഷണി കുറിപ്പ്. കൃഷ്ണമൃഗത്തെ കൊന്ന കേസില്‍ സെപ്തംബര്‍ 27ന് കോടതിയില്‍ വാദം നടക്കുന്നതിന് മുന്നോടിയാണ് പോസ്റ്റ്.കൃഷ്ണ മൃഗത്തെ സംരക്ഷിക്കുകയും മൃഗങ്ങളെ ദൈവമായി കാണുകയും ചെയ്യുന്ന വിഭാഗമാണ് ബിഷ്ണോയ് സമൂഹം.

‘പൊലീസ് ജാഗ്രതയിലാണ്. അന്വേഷണം ആരംഭിച്ച് കഴിഞ്ഞു. താരത്തിന് കനത്ത സുരക്ഷ ഒരുക്കും’- ജോധ്പൂര്‍ ഡി.സി.പി ധര്‍മേന്ദ്ര യാദവ് പറഞ്ഞു. 1998ല്‍ ഒരു സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് രാജസ്ഥാനിലെത്തിയപ്പോഴാണ് കേസിനാസ്പദമായ സംഭവം. കങ്കാണി ഗ്രാമത്തില്‍ രാത്രി വേട്ടയ്ക്കിറങ്ങിയ സല്‍മാനും സംഘവും വംശനാശ ഭീഷണി നേരിടുന്ന കൃഷ്ണമൃഗങ്ങളെ കൊന്നുവെന്നാണ് കേസ്.












