തിരുവനന്തപുരം: കാലാവധി കഴിഞ്ഞ ഡ്രൈവിംഗ് ലൈസന്‍സുകള്‍ ഇനി പിഴ കൂടാതെ പുതുക്കി നല്‍കും. ഇതു സംബന്ധിച്ച് ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ ആര്. ശ്രീലേഖ ആര്.ടി.ഒമാര്‍ക്ക് നിര്‍ദ്ദേശം നല്കി.ഗതാഗത ചട്ട ഭേദഗതിയനുസരിച്ച് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ച ഉയര്‍ന്ന പിഴ ഈടാക്കുന്നത് സംസ്ഥാന സര്‍ക്കാര്‍ താത്കാലികമായി മരവിപ്പിച്ചെങ്കിലും കാലാവധി കഴിഞ്ഞ ലൈസന്‍സ് പുതുക്കാന്‍ കൂടിയ പിഴയായ 1100 രൂപ ഈടാക്കി വരികയായിരുന്നു.
കേന്ദ്ര ചട്ട ഭേഗഗതിപ്രകാരം സര്‍ക്കാര്‍ നേരത്തേ വിജ്ഞാപനം പുറപ്പെടുവിച്ച സാഹചര്യത്തില്‍ പുതിയ വിജ്ഞാപനം വരുന്നതുവരെ ലൈസന്‍സ് പുതുക്കലിന് പിഴ ഈടാക്കില്ല. കാലവധി കഴിഞ്ഞ് ഒരു വര്‍ഷത്തിനകം ലൈസന്‍സ് പുതുക്കുന്നവര്‍ക്കാണ് ഈ ആനുകൂല്യം.
എന്നാല്‍ കാലാവധിയും ഒരു മാസത്തെ ഗ്രേസ് പിരീഡും കഴിഞ്ഞ ലൈസന്‍സോടെ വാഹനമോടിച്ച് അപകടം വരുത്തിയാല്‍ നിലവിലെ നിയമ പ്രകാരം കേസെടുക്കും. പിഴകൂടാതെ ലൈസന്‍സ് പുതുക്കാന്‍ നേരത്തേ 30 ദിവസത്തെ സാവകാശമാണ് അനുവദിച്ചിരുന്നത്. എന്നാല്‍ ഇതിന് ഒരു വര്‍ഷത്തേക്ക് സാധാരണ ഫീസ് മാത്രമേ ഊടാക്കാവൂ എന്നാണ് ഇപ്പോഴത്തെ നിര്‍ദ്ദേശം. ഓട്ടോറിക്ഷാ പെര്‍മിറ്റിന്റെ കാലാവധി കഴിഞ്ഞാല്‍ 10,000 രൂപ പിഴ ഈടാക്കുന്നതും പ്രായോഗികമല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇത് 3000 രൂപയായി കുറയ്ക്കാനും ശുപാര്‍ശ ചെയ്തിട്ടുണ്ട്.













