മകളെ തട്ടിക്കൊണ്ടുവന്ന് തടവില്‍ പാര്‍പ്പിച്ചുവെന്ന് കാണിച്ച് ശ്രീലങ്കന്‍ സ്വദേശി നല്‍കിയ കേസില്‍ തമിഴ് നടി ഭുവനേശ്വരി മദ്രാസ് ഹൈക്കോടതിയില്‍ ഹാജരായി. ഇരുപത്തിമൂന്ന് വയസ്സുള്ള തന്റെ മകളെ തട്ടിക്കൊണ്ടുപോയെന്ന് കാണിച്ച് ശ്രീലങ്കന്‍ സ്വദേശിയായ ചന്ദ്രകുമാര്‍ മദ്രാസ് ഹൈക്കോടതിയുടെ ഡിവിഷന്‍ ബഞ്ചിലാണ് ഹേബിയസ് കോര്‍പസ് ഹര്‍ജി നല്‍കിയത്.
ഹര്‍ജി ഫയലില്‍ സ്വീകരിച്ച ജസ്റ്റിസ് രാജീവ് ശക്തര്‍, എന്‍. സതീഷ്കുമാര്‍ എന്നിവരടങ്ങിയ ബെഞ്ച് ഭുവനേശ്വരിയോട് കീഴടങ്ങാന്‍ ആവശ്യപ്പെടുകയായിരുന്നു. പെണ്‍കുട്ടിയെ താന്‍ തട്ടിക്കൊണ്ടുപോയതല്ലെന്ന് വാദിച്ച ഭുവനേശ്വരിക്ക് കൂടുതല്‍ തെളിവുകള്‍ ഹാജരാക്കാന്‍ കോടതി സമയം അനുവദിച്ചു. കേസ് വീണ്ടും പരിഗണിക്കുന്നത് നവംബര്‍ 21ലേയ്ക്ക് മാറ്റുകയും ചെയ്തു.
കഴിഞ്ഞ ഓഗസ്റ്റ് എട്ട് മുതല്‍ കാണാതായ തന്റെ മകളെ ഭുവനേശ്വരി വളര്‍ത്തു മകന്‍ മിഥുന്‍ ശ്രീനിവാസിനെ കൊണ്ട് വിവാഹം കഴിപ്പിക്കുകയായിരുന്നുവെന്നാണ് ഹര്‍ജിയില്‍ ആരോപിച്ചത്.
അതേസമയം താന്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയിട്ടില്ലെന്ന് ഭുവനേശ്വരി മാധ്യമങ്ങളോട് വിശദീകരിച്ചു. ‘എന്നെ അനാവശ്യമായി ഈ കേസിലേയ്ക്ക് വലിച്ചിഴയ്ക്കുകയായിരുന്നു. ഇതൊരു വ്യക്തിയുടെ പ്രശ്നമാണ്. ഒരു ബന്ധുവില്‍ നിന്നുള്ള ലൈംഗിക പീഡനം അനുഭവിക്കേണ്ടിവന്നവളാണ് ആ പെണ്‍കുട്ടി. ഇക്കാര്യങ്ങളൊക്കെ അവള്‍ എന്നോട് തുറന്നുപറഞ്ഞിട്ടുണ്ട്. അവരുടെ കുടുംബത്തില്‍ ഒരു പ്രശ്നം ഉണ്ടാവേണ്ട എന്നു കരുതി ഞാന്‍ ഇടപെടാതിരിക്കുകയായിരുന്നു. എന്നാല്‍, കഴിഞ്ഞ മാസം പ്രശ്നം വീണ്ടും വഷളായി. അവളെ കുടുംബാംഗങ്ങള്‍ മര്‍ദിക്കുകയും ഒരു ബന്ധുവുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്നാണ് അവള്‍ തിരുച്ചിറപ്പള്ളിയില്‍ നിന്ന് എന്റെ അടുത്തേയ്ക്ക് ഓടിയെത്തിയത്. അവള്‍ എന്നോട് സഹായം അഭ്യര്‍ഥിച്ചു. എനിക്ക് മറ്റൊരു പോംവഴിയും ഉണ്ടായിരുന്നില്ല. ഞാന്‍ ഒരു സ്ത്രീയാണ്. അവള്‍ക്ക് ഒരു അമ്മയെപ്പോലെയാണ്. അതുകൊണ്ടാണ് ഈ പ്രശ്നത്തില്‍ ഇടപെട്ടത്. ഇവള്‍ ഇപ്പോള്‍ എന്റടുത്ത് സുരക്ഷിതയാണ്. ഞാന്‍ ഈ കുട്ടിയുടെ പ്രശ്നം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയുടെ ഓഫീസിനും പോലീസ് കമ്മീഷണര്‍ക്കും പരാതി നല്‍കി.
ഞാന്‍ ഫോണില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് വീട്ടുകാര്‍ എത്തി വിളിച്ചെങ്കിലും അവള്‍ അവര്‍ക്കൊപ്പം പോവാന്‍ തയ്യാറായില്ല. അവര്‍ക്കൊപ്പം പോയാല്‍ ആത്മഹത്യ ചെയ്യും എന്നാണ് അവള്‍ പറയുന്നത്-ഭുവനേശ്വരി പറഞ്ഞു.













