നടിയെ ആക്രമിച്ച കേസ്‌: ദിലീപിന്‍റെ ഹര്‍ജിയില്‍ സര്‍ക്കാരിന്‍റെ നിലപാട് തേടി ഹൈക്കോടതി

കൊച്ചി: യുവനടിയെ ആക്രമിച്ച്‌ അശ്ളീല ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ വിചാരണ തുടങ്ങാനിരിക്കെ കേസില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് നടന്‍ ദിലീപ് സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാര്‍ നിലപാട് തേടി. ഹര്‍ജി ജൂലൈ നാലിന് പരിഗണിക്കുമ്പോള്‍ നിലപാട് അറിയിക്കണമെന്ന് ആവശ്യപ്പെട്ട് സി.ബി.ഐയ്‌ക്കും നോട്ടീസ് നല്‍കി.

അറസ്റ്റിലായ ആദ്യ പ്രതികള്‍ കെട്ടിച്ചമച്ച നുണയുടെ അടിസ്ഥാനത്തിലാണ് ഡി.ജി.പി ഉള്‍പ്പെടെയുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ അന്വേഷണം നടത്തിയതെന്നും അത് ദുരുദ്ദേശ്യപരമാണെന്നും ഹര്‍ജിയില്‍ ദിലീപ് ആരോപിച്ചിരുന്നു. സംഭവത്തെക്കുറിച്ച്‌ അറിവോ പങ്കാളിത്തമോ ഇല്ലാത്ത തന്നെ പ്രതിയാക്കിയത് അസാധാരണ നടപടിയാണ്. സത്യം പുറത്തുകൊണ്ടുവരാന്‍ സംസ്ഥാന പൊലീസിന്റെ നിയന്ത്രണത്തിലല്ലാത്ത മറ്റൊരു ഏജന്‍സിയെ അന്വേഷണം ഏല്പിക്കണം. ഇല്ലെങ്കില്‍ സത്യം എന്നേക്കുമായി കുഴിച്ചുമൂടപ്പെടും. ന്യായമായ അന്വേഷണവും വിചാരണയും ഭരണഘടന നല്‍കുന്ന അവകാശമാണെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു. എന്നാല്‍ കേസിന്റെ വിചാരണ വൈകിപ്പിക്കാനാണ് ദിലീപിന്റെ ഹര്‍ജിയെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു.

തൃശൂരില്‍ നിന്ന് കൊച്ചിയിലേക്ക് വരികയായിരുന്ന യുവനടിയെ ആക്രമിച്ച സംഭവത്തില്‍ 2017 ജൂലായ് പത്തിനാണ് ദിലീപിനെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഇതിനുമുമ്ബ് പള്‍സര്‍ സുനിയടക്കം ഏഴ് പ്രതികള്‍ക്കെതിരെ 2017 മാര്‍ച്ച്‌ 18ന് അന്വേഷണ സംഘം അന്തിമ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. സംഭവത്തിന്റെ ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് ആരോപിച്ചാണ് ദിലീപിനെ പിന്നീട്‌ അറസ്‌റ്റുചെയ്തത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *