നടിയെ ആക്രമിച്ച കേസില്‍ നടന്‍ സിദ്ദിഖും നടി ഭാമയും കൂറുമാറി


നടിയെ ആക്രമിച്ച കേസില്‍ നടന്‍ സിദ്ദിഖും നടി ഭാമയും കൂറുമാറി. കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ പ്രോസിക്യൂഷന്‍ സാക്ഷികളായിരുന്നു ഇരുവരും ഇന്ന് കോടതിയില്‍ ഹാജരായിരുന്നു.


താരസംഘടനയായ അമ്മയുടെ സ്‌റ്റേജ് ഷോയുടെ റിഹേഴ്‌സല്‍ ക്യാംപില്‍ വച്ച്‌ ആക്രമിക്കപ്പെട്ട നടിയും ദിലീപും തമ്മില്‍ തര്‍ക്കം ഉണ്ടായിരുന്നുവെന്ന് നേരത്തെ സിദ്ദിഖും ഭാമയും മൊഴി നല്‍കിയിരുന്നു. എന്നാല്‍ ഇന്ന് കോടതിയില്‍ ഇരുവരും ഇക്കാര്യം സ്ഥിരീകരിക്കാന്‍ തയ്യാറായില്ല. ഇതോടെ ഇരുവരും കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെടുകയായിരുന്നു.


അതേസമയം കേസിലെ മുഖ്യപ്രതി ദിലീപിന്‍െ്‌റ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച ഹര്‍ജി വെള്ളിയാഴ്ച പരിഗണിക്കും. നേരത്തെ ദിലീപിനെതിരെ മൊഴി നല്‍കിയിരുന്ന സാക്ഷികള്‍ കോടതിയില്‍ മൊഴി മാറ്റി പറഞ്ഞിരുന്നു. പ്രധാന സാക്ഷിയും ഇത്തരത്തില്‍ മൊഴി മാറ്റിയതോടെയാണ് ദിലീപ് സാക്ഷികളെ സ്വാധീനിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ജാമ്യം റദ്ദാക്കാന്‍ പ്രോസിക്യൂഷന്‍ കോടതിയെ സമീപിച്ചത്.

നേരത്തെ കേസില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ ആറ് മാസം കൂടി സുപ്രീം കോടതി അനുവദിച്ചിരുന്നു. കൂടുതല്‍ സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രത്യേക കോടതി ജഡ്ജി ഹണി എം. വര്‍ഗീസ് നല്‍കിയ കത്ത് പരിഗണിച്ചായിരുന്നു സുപ്രീം കോടതി തീരുമാനം. ജസ്റ്റിസ് എ.എം ഖാന്‍വിന്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചാണ് സമയം നീട്ടി നല്‍കണമെന്ന ആവശ്യം പരിഗണിച്ചത്.



Sharing is Caring