ധോണിയെ മാറ്റി കോഹ്‌ലിയെ ഇന്ത്യന്‍ നായകനാക്കണമെന്ന് ഗാംഗുലി


മഹേന്ദ്രസിങ് ധോണിക്ക് പകരം വിരാട് കോഹ്‌ലിയെ ഇന്ത്യന്‍ നായകനാക്കുന്ന കാര്യം ബി.സി.സി.ഐ സെലക്ടര്‍മാര്‍ പരിഗണിക്കണമെന്ന് മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി.


2019ലെ ലോകകപ്പില്‍ ധോണിയെ തന്നെ നായക സ്ഥാനം ഏല്‍പ്പിക്കാമെന്നാണ് സെലക്ടമാര്‍ കരുതുന്നത്. എന്നാല്‍ ഇത് വളരെ അപകടം പിടിച്ച കാര്യമാണ്. ഒന്‍പതു വര്‍ഷത്തോളമായി ധോണി ടീമിന്റെ ക്യാപ്റ്റനാണ്. അതൊരു വലിയ കാലയളവാണ്.
ഇക്കാലയളവില്‍ ടീമിന്റെ നേട്ടങ്ങളില്‍ ധോണിയുടെ പങ്ക് വലിയ രീതിയിലുണ്ട്. എന്നാല്‍ അടുത്ത നാലുവര്‍ഷത്തിനുള്ളില്‍ ടീമിനെ നയിക്കാനുള്ള കായിക ക്ഷമത അദ്ദേഹത്തിനുണ്ടോ എന്ന കാര്യത്തില്‍ സംശയമുണ്ട്. ഇതിനോടകം ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് ധോണി വിരമിച്ചു കഴിഞ്ഞു. ഏകദിന-ടി20 മത്സരങ്ങളാണ് അദ്ദേഹം കളിക്കുന്നത്. ഇത്തരമൊരു സാഹചര്യത്തില്‍ പുതിയൊരു നായകനെ വളര്‍ത്തി കൊണ്ടുവരേണ്ടത് ടീമിന് അത്യാവശ്യമാണ്.
2019ല്‍ ധോണി ടീമിനെ നയിക്കുമോ എന്ന് അദ്ദേഹത്തോട് ചോദിക്കേണ്ടതുണ്ട്. ടീമിനെ നയിക്കാന്‍ സാധിക്കില്ലെന്ന മറുപടിയായിരിക്കും ധോണിയും നല്‍കുക. ലോകത്തെല്ലായിടത്തും ടീമിനകത്ത് വലിയ രീതിയില്‍ മാറ്റം നടക്കുന്നുണ്ട്. നമ്മുടെ ക്രിക്കറ്റും ആ രീതിയിലേക്ക് വരണമെന്നും ഗാംഗുലി കൂട്ടിച്ചേര്‍ത്തു.




Sharing is Caring