ദ്യോകോ, സെറീന ലോറസ് ജേതാക്കള്‍


സ്‌പോര്‍ട്‌സിലെ ഓസ്‌കര്‍ എന്നറിയപ്പെടുന്ന ലോറസ് സ്‌പോര്‍ട്‌സ് അവാര്‍ഡുകളില്‍ ഇത്തവണ മേല്‍ക്കൈ ടെന്നീസിന്. പുരുഷ-വനിതാ ലോക ഒന്നാം നമ്പറുകള്‍ സെര്‍ബിയയുടെ നൊവാക് ദ്യോകോവിച്ചും, യുഎസിന്റെ സെറീന വില്യംസും മികച്ച താരങ്ങളായി തെരഞ്ഞെടുക്കപ്പെട്ടു. മികച്ച ടീമിനുള്ള അവാര്‍ഡ് കഴിഞ്ഞ വര്‍ഷം റഗ്ബി ലോകകപ്പ് കിരീടം സ്വന്തമാക്കിയ ന്യൂസിലന്‍ഡ് റഗ്ബി ടീമിന്. അന്തരിച്ച ഫുട്‌ബോള്‍ ഇതിഹാസം യൊഹാന്‍ ക്രൈഫിന് സ്പിരിറ്റ് ഓഫ് അവാര്‍ഡ് സമ്മാനിച്ചപ്പോള്‍, ആജീവനാന്ത നേട്ടത്തിനുള്ള പുരസ്‌കാരം ഫോര്‍മുല വണ്‍ മുന്‍ ഡ്രൈവര്‍ നികി ലൗദയ്ക്ക്.


കഴിഞ്ഞ വര്‍ഷം മൂന്നു ഗ്രാന്‍ഡ്സ്ലാമുകള്‍ നേടിയ പ്രകടനമാണ് ദ്യോകോവിച്ചിനെയും സെറീനയയെും പുരസ്‌കാരത്തിന് അര്‍ഹരാക്കിയത്. ഇരുവരും മൂന്നാംവട്ടമാണ് ലോറസ് കൈക്കലാക്കുന്നത്. ദ്യോകോ 2012, 2015 വര്‍ഷങ്ങളിലും, സെറീന 2003, 2010 വര്‍ഷങ്ങളിലും ജേതാവായി. ഫുട്‌ബോള്‍ താരം ലയണല്‍ മെസി, സ്പ്രിന്റര്‍ ഉസൈന്‍ ബോള്‍ട്ട്, ഫോര്‍മുല വണ്‍ ചാമ്പ്യന്‍ ലൂയിസ് ഹാമില്‍ട്ടണ്‍ എന്നിവരെ മറികടന്നു ദ്യോകോവിച്ച്. ഫുട്‌ബോളര്‍ കാര്‍ലി ലോയ്ഡിനെയും അത്‌ലറ്റ് ഷെല്ലി ആന്‍ ഫ്രേസറെയും പിന്തള്ളി സെറീനയുടെ നേട്ടം. പുരസ്‌കാരം യൊഹാന്‍ ക്രൈഫിനു സമര്‍പ്പിക്കുന്നുവെന്ന് ദ്യോകോവിച്ച് പറഞ്ഞു




Sharing is Caring