തൊഴിലാളി സംഘടനകള്‍ സംയുക്തമായി നടത്തുന്ന ദേശീയ പണിമുടക്ക് ജനജീവിതം സ്തംഭിപ്പിച്ചു. ആദ്യ മണിക്കൂറില്‍ തന്നെ നേരിയ സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പണിമുടക്ക് അനേകരെയാണ് ബാധിച്ചത്. കടകന്പോളങ്ങള്‍ അടഞ്ഞു കിടന്നു. വാഹനഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെടുകയും ചെയ്തു. ഗതാഗതം സ്തംഭിച്ചതിനെ തുടര്‍ന്ന് റെയില്‍വേ, ബസ് സ്റ്റേഷനുകളില്‍ അനേകര്‍ കുടുങ്ങി.
ബിഎംഎസ് ഒഴികെയുള്ള സംഘടനകളാണ് സമരത്തില്‍ പങ്കെടുക്കുന്നത്. കേരളത്തെ സമരം കാര്യമായി ബാധിച്ചു. തിരുവനന്തപുരത്ത് ഗതാഗതം തടസ്സപ്പെട്ടതിനെ തുടര്‍ന്ന് അനേകരാണ് കുടുങ്ങിയത്. പണിമുടക്കിനെ അനുകൂലിക്കാത്ത ചിലര്‍ ഓട്ടോറിക്ഷ ഓടിക്കാന്‍ ശ്രമിച്ചെങ്കിലും സമരാനുകൂലികള്‍ തടഞ്ഞു.എറണാകുളത്ത് ടാക്സി വാഹനത്തിന് നേരെ അക്രമണ ഉണ്ടായതും തൃശൂരില്‍ ഫാക്ടറിയില്‍ ജോലിക്കെത്തിയവരെ തടഞ്ഞതുമാണ് ആദ്യ മണിക്കൂറില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്ന അക്രമ സംഭവങ്ങള്‍. എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷന് പരിസരത്ത് യൂബര്‍ ടാക്സിയുടെ ചില്ലുകളാണ് സമരാനുകൂലികള്‍ അടിച്ചു തകര്‍ത്തത്. കളമശ്ശേരി എഫ്എസിറ്റിയില്‍ ജോലിക്കെത്തിയവരെ സംഘടനാ നേതാക്കള്‍ തിരിച്ചയച്ചു. കെഎസ്ആര്‍ടിസി ബസിന് നേരെ കല്ലേറുണ്ടായി. കൊച്ചിന് ഷിപ്പ്യാര്ഡ് പോര്‍ട്ട് ട്രസ്റ്റ് എന്നിവിടങ്ങളിലും ഹാജര്‍ കുറവാണ്. ട്രെയിന്‍ ഗതാഗതത്തെ പണിമുടക്ക് ബാധിച്ചിട്ടില്ല.
കോഴിക്കോട് ഉള്‍പ്പെടെ മലബാര്‍ മേഖലയില്‍ പണിമുടക്ക് പൂര്‍ണ്ണമായിരുന്നു. റെയില്‍വേ സ്റ്റേഷനിലും ബസ് സ്റ്റാന്റിലുമായി അനേകര്‍ കുടുങ്ങി. അതേസമയം അനിഷ്ട സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.













