ദേശീയപാത ഉദ്ഘാടന പരിപാടിയിൽ നിന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രിയെ ഒഴിവാക്കിയതിൽ രൂക്ഷ വിമർശനവുമായി മന്ത്രി വി ശിവൻകുട്ടി


പ്രധാനമന്ത്രി പങ്കെടുക്കുന്ന ദേശീയപാത 66ന്റെ ഉദ്ഘാടന പരിപാടിയിൽ നിന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിനെ ഒഴിവാക്കിയതിൽ രൂക്ഷ വിമർശനവുമായി മന്ത്രി വി ശിവൻകുട്ടി. സംസ്ഥാന സർക്കാർകൂടി പണം മുടക്കിയ പദ്ധതിയെ ബിജെപിയുടെ രാഷ്ട്രീയ വേദിയാക്കി മാറ്റുകയാണെന്നും തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിലാണിതെന്നും മന്ത്രി പറഞ്ഞു.സംസ്ഥാന സർക്കാർ കൂടി പണം മുടക്കിയ പദ്ധതിയാണിത്. എന്നാൽ പരിപാടിയിലേക്ക് സംസ്ഥാന സർക്കാരിന് കൃത്യമായ ക്ഷണമില്ല.


ചടങ്ങിൽ പ്രോട്ടോക്കോൾ ലംഘനം നടന്നു. മുഖ്യമന്ത്രിയെയും വകുപ്പ് മന്ത്രിയെയും ക്ഷണിക്കുന്നതിന് പ്രോട്ടോക്കോളുണ്ട്. സർക്കാർ ചടങ്ങുകളെ രാഷ്ട്രീയവത്കരിക്കുന്നതിൽ സുപ്രീംകോടതി ഇടപെടേണ്ട സാഹചര്യമാണുള്ളതെന്നും ശിവൻകുട്ടി പറഞ്ഞു.പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി പലതവണ സംസ്ഥാനത്തെ അഭിനന്ദിച്ചതാണ്. എല്ലാകാര്യങ്ങൾക്കും നേതൃത്വം നൽകിയ മന്ത്രി മുഹമ്മദ് റിയാസിനെയാണ് ചടങ്ങിൽനിന്ന് ഒഴിവാക്കിയത്. പലതവണ ഡൽഹിയിൽപ്പോയി വേണ്ടപ്പെട്ടവരെ കണ്ടാണ് പദ്ധതി ഇത്രയുമൊക്കെ ആക്കിയത്. ഉദ്ഘാടനച്ചടങ്ങിലെ പ്രാധാന്യം കുറച്ചാൽ ചരിത്ര പ്രാധാന്യം ഒഴിവാകില്ലെന്നും ശിവൻകുട്ടി പറഞ്ഞു.


ഇത് ജനാധിപത്യ മര്യാദകളുടെ ലംഘനമാണ്. അങ്ങേയറ്റം പ്രതിഷേധാർഹമായ നിലപാടാണ് കേന്ദ്രത്തിന്‍റേത്. നിലച്ച പദ്ധതിയെ നടത്തിയെടുപ്പിച്ചത് മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടുകൊണ്ടാണ്. സംസ്ഥാനത്തെ അങ്ങേയറ്റം അവഗണിച്ചതുകൊണ്ടാണ് പരിപാടി ബഹിഷ്‌കരിക്കുന്നത്. ഇന്ത്യയുടെ ഭാഗമല്ലേ കേരളം?. പ്രധാനമന്ത്രി വ്യക്തമാക്കണം. ഭരണഘടനാ വിരുദ്ധമായ നിലപാടാണിതെന്നും മന്ത്രി പറഞ്ഞു. അതേസമയം ചടങ്ങിൽ മുൻ കേന്ദ്ര സഹമന്ത്രി എന്ന പേരിൽ ബിജെപിയുടെ സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെ ഉൾപ്പെടുത്തിയതിലും ശിവൻകുട്ടി പ്രതികരിച്ചു. വികസനം തടയാൻ നോക്കിയവർ ഇപ്പോൾ അതിന്റെ പിതൃത്വം ഏറ്റെടുക്കുകയാണ്. രാജീവ് ചന്ദ്രശേഖർ കേന്ദ്രമന്ത്രിയായിരുന്നപ്പോൾ കേരളത്തിന് നൽകിയ സംഭാവന വട്ടപ്പൂജ്യമാണെന്നും മന്ത്രി വിമർശിച്ചു.



Sharing is Caring