‘ദൃശ്യങ്ങള്‍ ദിലീപിന് കൈമാറി’; വാഗ്ദാനം ചെയ്ത പണം പള്‍സര്‍സുനിക്ക് നല്‍കിയില്ലെന്ന് പൊലീസ്


നടിയെ ആക്രമിച്ച ശേഷം പകര്‍ത്തിയ ദൃശ്യങ്ങള്‍ മുഖ്യപ്രതി പള്‍സര്‍ സുനി നടന്‍ ദിലീപിന് കൈമാറിയെന്ന് പൊലീസ്. ദൃശ്യങ്ങള്‍ അടങ്ങിയ മൊബൈല്‍ ഫോണ്‍ ദിലീപ് പള്‍സര്‍ സുനിയുടെ കൈയില്‍ നിന്ന് വാങ്ങി.


നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങടങ്ങിയ മൊബൈല്‍ ഇപ്പോള്‍ ദിലീപിന്റെ പക്കലാണുള്ളത്. എന്നാല്‍ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത പണം ദിലീപ് നല്‍കിയില്ലെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ദിലീപിന്റെ ജാമ്യഹര്‍ജി എതിര്‍ത്തുകൊണ്ടുള്ള റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങള്‍ എല്ലാമുള്ളത്.


നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ വീണ്ടും പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ദിലീപിനെ കൂടുതല്‍ ചോദ്യം ചെയ്യാനുണ്ടെന്ന അന്വേഷണ സംഘത്തിന്റെ ആവശ്യം പരിഗണിച്ചാണ് കോടതി കസ്റ്റഡി കാലാവധി നീട്ടിയത്. മൂന്നുദിവസത്തെ കസ്റ്റഡി കൂടി വേണമെന്ന് ആവശ്യപ്പെട്ടാണ് പൊലീസ് അപേക്ഷ നല്‍കിയത്. എന്നാല്‍ നാളെ അഞ്ചുമണിവരെയാണ് കോടതി കസ്റ്റഡി കാലാവധി അനുവദിച്ചത്. അതേസമയം കസ്റ്റഡി അപേക്ഷയെ പ്രതിഭാഗം എതിര്‍ത്തെങ്കിലും കോടതി അത് പരിഗണിച്ചില്ല.

ഡിജിപി വരെയുളള ഉദ്യോഗസ്ഥര്‍ ദിലീപിനെ ചോദ്യം ചെയ്തു കഴിഞ്ഞു. അതിനാല്‍ ഇനി കസ്റ്റഡിയില്‍ വിട്ടുകൊടുക്കരുതെന്നും അപേക്ഷ തളളി ജാമ്യാപേക്ഷയില്‍ വിധി പറയണമെന്നും ദിലീപിനായി ഹാജരായ അഭിഭാഷകന്‍ വാദിച്ചു. നീതിന്യായ വ്യവസ്ഥിതിയെ ദുരുപയോഗം ചെയ്ത് തെളിവുകള്‍ ഉണ്ടാക്കുവാന്‍ ശ്രമിക്കുന്നുവെന്നും പ്രതിഭാഗം അഭിഭാഷകന്‍ വാദിച്ചു.



Sharing is Caring